മദര്‍ തെരേസ വിമര്‍ശിക്കപ്പെടുമ്പോള്‍

Wednesday 25 February 2015 11:07 pm IST

മദര്‍ തെരേസ ഇത് ആദ്യമായാണോ വിമര്‍ശിക്കപ്പെടുന്നത്? സേവനത്തിന്റെ മഹാമാതൃകയായി ഉയര്‍ത്തിക്കാട്ടുകയും വത്തിക്കാന്‍ വാഴ്ത്തപ്പെട്ടവളാക്കുകയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുകയുമൊക്കെ ചെയ്തിട്ടുള്ള മദര്‍ തെരേസ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും പലകോണുകളില്‍നിന്നും നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ വിമര്‍ശനങ്ങളൊക്കെ അവര്‍ അര്‍ഹിക്കുന്നതും ഒരര്‍ത്ഥത്തില്‍ അനിവാര്യവുമായിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവതിനു മാത്രം ഈ സ്വാതന്ത്ര്യം ഇല്ലെന്നു വന്നാല്‍ അത് അസംബന്ധമായിരിക്കും. ദൈവംപോലും വിമര്‍ശിക്കപ്പെടണമെന്ന് വാശി പിടിക്കുന്നവര്‍ മദര്‍ തെരേസക്കു മാത്രം ഇക്കാര്യത്തില്‍ എന്തോ മരണാനന്തര 'ഭരണഘടനാ പരിരക്ഷ'യുണ്ടെന്ന് വാദിക്കുന്നത് ആര്‍ക്കെങ്കിലും അംഗീകരിച്ചുകൊടുക്കാനാവുമോ? ഇതിനായി വാശിപിടിച്ചാല്‍ അത് വിലപ്പോവുമോ? മതപരിവര്‍ത്തന ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മദര്‍ തെരേസയുടെ സേവനം കൂടുതല്‍ മഹത്തരമാകുമായിരുന്നു എന്നുമാത്രമാണ് മോഹന്‍ജി ഭാഗവത് പറഞ്ഞത്. മോഹന്‍ജിയുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടുതന്നെ വത്തിക്കാന്റെ വക്താവ് 'ടൈംസ് നൗ' ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്: ''ഒരു രാജ്യത്തേയും രാഷ്ട്രീയ സംഭവവികാസങ്ങളോട് പ്രതികരിക്കാന്‍ വത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. അനുഗൃഹീതയായ മദര്‍ തെരേസ പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പ്രതീക്ഷയുടെ ദീപനാളമാണ്. അവരുടെ ജീവിതം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രചോദനമായിരുന്നിട്ടുണ്ട്'' വത്തിക്കാന്റെ ഈ അഭിപ്രായം വേദവാക്യമായി എടുക്കുന്നവരുണ്ടാവാം. എന്നാല്‍ ഇതുതന്നെയായിരിക്കണം ലോകത്തുള്ള എല്ലാവരുടേയും അഭിപ്രായം എന്ന് ശഠിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായിരിക്കും. മദര്‍ തെരേസ നടത്തിയിട്ടുള്ള മതപരിവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞതിന് മോഹന്‍ജി ഭഗവതിനെതിരെ രംഗത്തുവന്നവര്‍ അപ്രിയ സത്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. 110 ഏക്കര്‍ വിസ്തീര്‍ണവും ആയിരത്തില്‍ താഴെ ജനസംഖ്യയുമുള്ള വത്തിക്കാന്‍ സിറ്റി എന്ന 'മതരാജ്യ'ത്തിന്റെയും കത്തോലിക്കാസഭയുടേയും അഭിപ്രായമായിരിക്കണം ഭാരതത്തെപ്പോലുള്ള അതിവിശാലമായ ഒരു ജനാധിപത്യരാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരനായ ഒരു പൗരന് ഉണ്ടാവേണ്ടത് എന്നുപറഞ്ഞാല്‍ അതിനെക്കാള്‍ പരിഹാസ്യമായി മറ്റെന്താണുണ്ടാവുക? യഥാര്‍ത്ഥത്തില്‍ മദര്‍ തെരേസ ആരായിരുന്നു, അവര്‍ ഭാരതത്തില്‍ എത്തിച്ചേര്‍ന്നതിന്റെ പശ്ചാത്തലം എന്തായിരുന്നു, ആയുസിലധികവും ഭാരതത്തില്‍ കഴിഞ്ഞ അവരുടെ ദൗത്യമെന്തായിരുന്നു, ആരെല്ലാമായിട്ടായിരുന്നു ബന്ധം, സാമ്പത്തിക സ്രോതസ്സ് എന്തായിരുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളോട് സൗകര്യപൂര്‍വം മുഖംതിരിക്കുന്നവരാണ് 'വാഴ്ത്തപ്പെട്ടവളായ' മദര്‍ തെരേസയെ പിന്‍പറ്റുന്നത്. ഇന്നത്തെ മാസിഡോണിയയില്‍ 1910 ല്‍ ജനിച്ച് കന്യാസ്ത്രീയായി മാറിയ കത്തോലിക്കാസഭാംഗമാണ് മദര്‍ തെരേസ. 1929 ല്‍ ഭാരതത്തിലെത്തിയ അവര്‍ കൊല്‍ക്കത്ത കേന്ദ്രമാക്കി 1949 ല്‍ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും അനാഥര്‍ക്കും പാവങ്ങള്‍ക്കും അഭയംനല്‍കി അവരെ പരിരക്ഷിച്ച് 'അഗതികളുടെ അമ്മ'യായി മാറി. 1979 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച തെരേസ 1997 ല്‍ അന്തരിച്ചു. 2003 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മദര്‍ തെരേസയെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ ഒരു കാര്യം അവര്‍ ഒരു ക്രൈസ്തവ മിഷണറിയായിരുന്നുവെന്നതാണ്. സാമൂഹ്യപ്രവര്‍ത്തകയല്ല, ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നവളാണ് താന്‍ എന്ന് മദര്‍ തെരേസ പറഞ്ഞതായി ജീവചരിത്രകാരനായ നവീന്‍ ചാവ്‌ള രേഖപ്പെടുത്തിയിട്ടുണ്ട്. മദര്‍ തെരേസയുടെ വാക്കും പ്രവൃത്തിയും എന്നുവേണ്ട ചെറുചലനം പോലും കത്തോലിക്കാസഭയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിരുന്നു. 'വത്തിക്കാന്റെ പെയ്ഡ് വര്‍ക്കര്‍' എന്നാണ് പലപ്പോഴും അവര്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. മദര്‍ തെരേസയുടെ പശ്ചിമബംഗാളിലെ പ്രവര്‍ത്തനം ഒറ്റപ്പെട്ടതായിരുന്നില്ല. കത്തോലിക്കാ സഭ ലോകമെമ്പാടും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന സുവിശേഷദൗത്യത്തിന്റെ ഭാഗമായിരുന്നു അത്. 1929 ല്‍ മദര്‍ തെരേസ ബംഗാളിലെത്തിയത് ഈ ദൗത്യനിര്‍വഹണത്തിനായിരുന്നു. 1770 മുതല്‍ ആവര്‍ത്തിക്കപ്പെട്ട ബംഗാള്‍ ക്ഷാമങ്ങള്‍ മതപരിവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കി. ബ്രിട്ടീഷ് ഭരണത്തിന്റെ മുന്നോടിയായ ഈസ്റ്റ് ഇന്ത്യാ കമ്പനി അസംസ്‌കൃത വിഭവങ്ങള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയതാണ് ക്ഷാമത്തിന് കാരണം. 1944-45 കാലത്തെ ബംഗാള്‍ ക്ഷാമത്തിന് ഉത്തരവാദി ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലായിരുന്നുവെന്ന് സ്ഥാപിക്കുന്ന ആധികാരിക പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യനിര്‍മിത ദുരന്തമെന്നാണ് ഗാന്ധിജി ഈ ബംഗാള്‍ ക്ഷാമത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ബംഗാള്‍ ക്ഷാമത്തിന്റെ ഇരുണ്ടവശങ്ങള്‍ പലതും ഇനിയും പുറത്തുവരാനുണ്ട്. അതിലൊന്നാണ് സുന്ദര്‍വനത്തിലെ കടുവകള്‍ നരഭോജികളായി മാറിയ കഥ. ഭക്ഷണം ലഭിക്കാതെ പേക്കോലങ്ങളായി തെരുവുകളില്‍ അലഞ്ഞ ഹതഭാഗ്യരായ മനുഷ്യജീവികളെ കാടിറങ്ങി വന്ന കടുവകള്‍ ഭക്ഷണമാക്കുകയായിരുന്നു. ബംഗാള്‍ ക്ഷാമത്തിന്റെ ഇരകളായ ഈ മനുഷ്യരോട് നരഭോജികളായ കടുവകള്‍ക്കുണ്ടായിരുന്ന മാനസികാവസ്ഥയാണ് അക്കാലത്തെ ക്രൈസ്തവ മിഷണറിമാര്‍ വച്ചുപുലര്‍ത്തിയത് എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം കുഞ്ഞുങ്ങളെ ബംഗാളികള്‍ക്ക് വില്‍ക്കേണ്ടി വന്നു. അഞ്ച് രൂപയ്ക്കുപോലും തെരുവുകളില്‍നിന്ന് ക്രൈസ്തവ മിഷണറിമാര്‍ കുട്ടികളെ വാങ്ങിയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് സര്‍ക്കാരും ചേര്‍ന്ന് ബംഗാള്‍ ക്ഷാമത്തിലൂടെ ഉഴുതുമറിച്ച മണ്ണിലാണ് മദര്‍ തെരേസ സേവന പ്രവര്‍ത്തനങ്ങളിലൂടെ വിജയം കൊയ്തത്. മദര്‍തെരേസയുടെ സേവനത്തിന്റെ ലക്ഷ്യം മനുഷ്യനന്മയായിരുന്നില്ല, മതപരിവര്‍ത്തനമായിരുന്നു എന്നത് പകല്‍പോലെ വ്യക്തമായ കാര്യമാണ്. അന്താരാഷ്ട്രാ തലത്തില്‍ വെറുക്കപ്പെട്ടവരില്‍നിന്നുപോലും വന്‍തോതില്‍ പണം കൈപ്പറ്റിയിരുന്ന 'മിഷണറീസ് ഓഫ് ചാരിറ്റി' ഈ തുകയുടെ ഏഴ് ശതമാനം മാത്രമാണ് അതത് രാജ്യങ്ങളില്‍ ചെലവഴിച്ചത്. ബാക്കി തുക കത്തോലിക്കാസഭയ്ക്ക് കൈമാറുകയായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിമര്‍ശനത്തിനതീതമായ വിശുദ്ധപദവിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മദര്‍ തെരേസ ഒരു സാധാരണ ക്രിസ്തുമത വിശ്വാസിപോലുമായിരുന്നില്ല. മറിച്ച് ക്രൈസ്തവ മതമൗലികവാദി തന്നെയായിരുന്നു. ഒരിക്കല്‍ കൊല്‍ക്കത്തയിലെ തന്റെ കേന്ദ്രത്തില്‍ ദത്തെടുക്കാന്‍ വന്ന ദമ്പതികള്‍ക്ക് അവര്‍ പ്രൊട്ടസ്റ്റുവിഭാഗക്കാരാണെന്ന് മനസ്സിലാക്കി കുട്ടിയെ നല്‍കാതിരുന്ന ചരിത്രവും മദര്‍ തെരേസയ്ക്കുണ്ട്. ഗര്‍ഭഛിദ്രത്തിനെതിരായ അവരുടെ അചഞ്ചലമായ നിലപാട് ഒരു ക്രൈസ്തവ മതമൗലികവാദിയുടേതായിരുന്നു. ജാതിമതഭേദമില്ലാതെ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മാതാ അമൃതാനന്ദമയിയെയും മറ്റും ആള്‍ദൈവങ്ങളായി ചിത്രീകരിക്കുന്നവര്‍ക്ക് മദര്‍ തെരേസയുടെ ഈ മനോഭാവത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. മദര്‍ തെരേസയെ കാരുണ്യമൂര്‍ത്തിയായിക്കൊണ്ടാടുന്നവരില്‍ പലരും ഗര്‍ഭഛിദ്രത്തിനെതിരെ അവര്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനോട് യോജിക്കാത്തവരാണ്. വത്തിക്കാനും ക്രൈസ്തവസഭയും ചിത്രീകരിക്കുന്നതുപോലെ, പല മാധ്യമങ്ങളും ഏറ്റുപിടിക്കുന്നതുപോലെ മദര്‍ തെരേസ മനുഷ്യത്വത്തിന്റെയും മഹത്വത്തിന്റെയും മറുവാക്ക് അല്ലായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഭോപ്പാല്‍ വാതകദുരന്തത്തോടുള്ള അവരുടെ പ്രതികരണം. മനുഷ്യമനഃസാക്ഷിയെ നടുക്കിയ ദുരന്തമായിരുന്നു 1984 ലെ ഭോപ്പാല്‍ വാതകദുരന്തമെങ്കില്‍ അതുപോലെ ഞെട്ടിക്കുന്നതുതന്നെയായിരുന്നു മദര്‍ തെരേസയുടെ പ്രതികരണവും. ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് 'ഡേറ്റ് ലൈന്‍ ഭോപ്പാല്‍- എ ന്യൂസ് മാന്‍ ഡയറി ഓഫ് ഗ്യാസ് ഡിസാസ്റ്റര്‍' എന്ന പുസ്തകമെഴുതിയ അനീസ് ചിസ്തി വിവരിക്കുന്ന ഒരു സംഭവമുണ്ട്. വാതക ദുരന്തത്തിന്റെ ഭയാനകമായ നിമിഷങ്ങളിലൂടെ കടന്നുപോയവര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളതെന്ന് ചോദിച്ചപ്പോള്‍ 'പൊറുക്കുക' എന്നതായിരുന്നു മദര്‍ തെരേസയുടെ മറുപടി. ''പൊറുക്കുന്നതിലൂടെ ഒരാള്‍ക്ക് നിര്‍മലവും സമാധാനപൂര്‍ണവുമായ ഹൃദയം ലഭിക്കുന്നു'' മദര്‍ വിശദീകരിച്ചതായി ചിസ്തി രേഖപ്പെടുത്തുന്നു. ചോദ്യം: മറ്റ് ദുരന്തങ്ങളെ അപേക്ഷിച്ച് ഭോപ്പാല്‍ ദുരന്തത്തെ എങ്ങനെയാണ് കാണുന്നത്. തെരേസ: ഞാന്‍ ഒരിക്കലും താരതമ്യം ചെയ്യാറില്ല. ഓരോന്നിനും അതിന്റേതായ മാനവും ആഘാതവുമുണ്ടാകും. ചോദ്യം: ദുരന്തം താങ്കളെ എങ്ങനെയാണ് ബാധിച്ചത്? തെരേസ: ദുരന്തം ഞങ്ങളെ ഇളക്കിമറിച്ചു. കാരണം അത് ഞങ്ങളെ ബാധിക്കുകയുണ്ടായി. ദശലക്ഷക്കണക്കിന് ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ചോദ്യം: കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാവാതെ മരിച്ച ഗര്‍ഭവതികളായ അമ്മമാരെക്കുറിച്ച് എന്ത് തോന്നുന്നു? തെരേസ: അതൊരു അപകടമായിരുന്നു, അമ്മമാര്‍ മരിച്ചു; അതിനാല്‍ ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചു. അനീസ് ചിസ്തി തന്റെ ഗ്രന്ഥത്തിന്റെ 52-ാം പേജില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ ചോദ്യോത്തരങ്ങള്‍. ലോകത്തെ മഹാദുരന്തങ്ങളിലൊന്നായാണ് ഭോപ്പാല്‍ വാതകദുരന്തം കണക്കാക്കപ്പെടുന്നത്. എണ്ണായിരത്തോളം മനുഷ്യജീവനുകള്‍ പിടഞ്ഞുമരിച്ച ഈ സംഭവത്തെയാണ് മദര്‍ തെരേസ വെറുമൊരു അപകടമായി ചിത്രീകരിക്കുന്നത്. ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിന്റെ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ ദുരന്തത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എന്തുചെയ്യണമെന്ന് സുവിശേഷകയായ ഇന്ദിരാ അയ്യങ്കാറുമായി ചര്‍ച്ച നടത്തുകയുണ്ടായി. മദര്‍ തെരേസയുടെ 'മിഷണറീസ് ഓഫ് ചാരിറ്റി'ക്ക് സംഭാവന നല്‍കാമെന്നാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയ മാര്‍ഗം. വാതകദുരന്തത്തോടുള്ള മദര്‍ തെരേസയുടെ മനുഷ്യത്വവിരുദ്ധമായ പ്രതികരണത്തിന്റെ രഹസ്യം ഇപ്പോള്‍ പിടികിട്ടുന്നുണ്ടല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.