റിപ്പോ നിരക്ക്‌ വര്‍ധന പ്രതിവിധിയല്ല

Saturday 29 October 2011 10:16 pm IST

പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയല്ലാതെ റിസര്‍വ്വ്‌ ബാങ്കിന്‌ മുമ്പില്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. റിസര്‍വ്വ്‌ ബാങ്ക്‌ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ്‌ റിപ്പോ നിരക്ക്‌ എന്നറയിപ്പെടുന്നത്‌. കഴിഞ്ഞ 19 മാസത്തിനിടയില്‍ 13 തവണ റിപ്പോ നിരക്കിലും റിവേഴ്സ്‌ റിപ്പോ നിരക്കുകളിലും വര്‍ദ്ധനവ്‌ വരുത്തിയിട്ടും പണപ്പെരുപ്പമോ ഭക്ഷ്യവിലപ്പെരുപ്പമോ നിയന്ത്രിക്കാനാവാതെ പോയ നാടാണ്‌ നമ്മുടേത്‌. ജനങ്ങളുടെ മേല്‍ വായ്പാഭാരംകൂട്ടി അവരുടെ നടുവൊടിക്കുന്നതിനപ്പുറം റിസര്‍വ്വ്‌ ബാങ്ക്‌ പലിശ നിരക്ക്‌ ഉയര്‍ത്തുക വഴി രാജ്യത്തിനെന്തെങ്കിലും നേട്ടമുണ്ടാവുമെന്ന്‌ കരുതാനാവില്ല. കര്‍ഷകരുടെ കടം എഴുതിത്തള്ളാനും വായ്പാ നിരക്ക്‌ കുറയ്ക്കാനുമുള്ള ഉറപ്പ്‌ ജനങ്ങള്‍ക്ക്‌ നല്‍കി വോട്ടുവാങ്ങിക്കൂട്ടി അധികാരം നുണയുന്ന യു.പി.എ. സര്‍ക്കാരിന്റെ കീഴിലാണ്‌ ഇപ്പോള്‍ പലിശ നിരക്ക്‌ കൂട്ടുന്നത്‌!
റിസര്‍വ്വ്‌ ബാങ്ക്‌ അതിന്റെ വിദഗ്ധന്മാരിലൂടെ എന്തു സാങ്കേതിക വാദങ്ങളുയര്‍ത്തി സാധൂകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരിക്കാനാവാത്ത ഒന്നാണ്‌ ഇപ്പോഴത്തെ പലിശ നിരക്ക്‌ വര്‍ദ്ധന. ഈ നിരക്ക്‌ വര്‍ദ്ധനവഴി അധിക ഭാരം അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌ സാധാരണ ജനങ്ങളുടെ മേലാണ്‌. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗതവായ്പ എന്നിവയുടെ പലിശ വര്‍ദ്ധിപ്പിക്കുകയും അതു വഴി ജനങ്ങള്‍ക്ക്‌ കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്നതിന്‌ ഇടയാകുമെന്നുറപ്പാണ്‌. കഴിഞ്ഞ തവണ വരുത്തിയ റിപ്പോ നിരക്കിന്റെ വര്‍ദ്ധനയെ തുടര്‍ന്ന്‌ ഭവന-വാഹന വായ്പകളുടെ നിരക്കിലുണ്ടായ വര്‍ദ്ധനവും പഴയകാല ലോണുകള്‍ക്ക്‌ ഈ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നോട്ടീസ്സുകളും വിവാദമായി തീര്‍ന്നതായിരുന്നു. ജനങ്ങളെ സ്നേഹിക്കുന്ന ഒരു ഭരണകൂടത്തിനും റിസര്‍വ്വ്‌ ബാങ്കിന്റെ ഇപ്പോഴത്തെ നടപടിയെ ന്യായീകരിക്കാനാവില്ല.
ഇന്ധനവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും നിയന്ത്രിച്ച്‌ നിര്‍ത്താത്തിടത്തോളം കാലം നാണയപ്പെരുപ്പം നിയന്ത്രിക്കാനാവില്ല. റിസര്‍വ്‌ ബാങ്കിന്റെ നിരക്ക്‌ വര്‍ദ്ധനവ്മൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ബാങ്കുകള്‍ പലതവണ വായ്പകളുടെ പലിശ ഉയര്‍ത്തിയിരുന്നു. അടിക്കടിയുള്ള പലിശ നിരക്ക്‌ ഉയര്‍ത്തല്‍തന്നെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ രോഗാവസ്ഥയേയാണ്‌ വിളിച്ചോതുന്നത്‌. പലിശ വര്‍ദ്ധനവ്‌ ഇനി ഉണ്ടാകില്ലെന്ന റിസര്‍വ്വ്‌ ബാങ്കിന്റെസൂചന മുഖവിലയ്ക്കെടുക്കാവുന്ന ഒന്നല്ല. വായ്പാ പലിശ വര്‍ദ്ധന സൃഷ്ടിച്ച അനിശ്ചിതത്വം കൂടുതല്‍ അസ്വസ്ഥതകളുടെ ആഴക്കയങ്ങളിലേക്കാണ്‌ സാമ്പത്തികരംഗത്തെ കൊണ്ടെത്തിക്കുക.
ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ധനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത ഗുരുതരാവസ്ഥയെ നേരിട്ട ചരിത്രമാണ്‌ നാടിനുള്ളത്‌. നാലു പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ്‌ ഭരണത്തിന്റെ പരാജയമാണ്‌ സാമ്പത്തിക തകര്‍ച്ചയ്ക്ക്‌ കാരണമെന്ന്‌ ഭംഗ്യന്തരേണ 1991 ല്‍ സൂചിപ്പിച്ച സാമ്പത്തിക വിദഗ്ധനായിരുന്നു ശ്രീമന്‍മോഹന്‍സിംഗ്‌. തന്റെ സ്വസിദ്ധമായ വിനയവും മൗനവുംകൊണ്ട്‌ അന്നത്തെ പ്രതിപക്ഷത്തിന്റെ വിശ്വാസംകൂടി നേടിയെടുത്തുകൊണ്ടാണ്‌ അദ്ദേഹം 91-96 കാലഘട്ടത്തില്‍ ധനമന്ത്രാലയം ഭരിച്ചത്‌. സാമ്പത്തിക പ്രതിസന്ധിക്ക്‌ അടിസ്ഥാനകാരണമായി അന്നദ്ദേഹം ചൂണ്ടിക്കാട്ടിയ പണപ്പെരുപ്പവും നിത്യോപയോഗ സാധനവിലപ്പെരുപ്പവും നിയന്ത്രണത്തിലാക്കാന്‍ ധനമന്ത്രി മന്‍മോഹന്‍സിംഗിന്‌ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്‌ അധികാരത്തില്‍വന്ന 96-98 കാലത്തെ കോണ്‍ഗ്രസ്സ്‌-കമ്യൂണിസ്റ്റ്‌ മുന്നണി കേന്ദ്രമന്ത്രിസഭയ്ക്കും പണപ്പെരുപ്പവും മറ്റും കുറയ്ക്കാന്‍ കഴിഞ്ഞില്ല. 98 ല്‍ അധികാരം ലഭിച്ച അടല്‍ബിഹാരി വാജ്പേയിയുടെ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണ്‌ നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണ വിധേയമാക്കിയത്‌.കാര്‍ഷിക വായ്പയുടെ പലിശനിരക്ക്‌ 6 ശതമാനത്തോളം കുറച്ചത്‌ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ്‌. വിദേശനാണ്യശേഖരം സര്‍വ്വകാല റിക്കോര്‍ഡായി അക്കാലത്തുയര്‍ന്നിരുന്നു. 2004 ല്‍ അധികാരമേറ്റ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ കീഴില്‍ നാണയപ്പെരുപ്പ നിരക്കും ഭക്ഷ്യവില നിരക്കും മുമ്പത്തേക്കാള്‍ ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കയാണ്‌. ഇതിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ്‌ ദു:ഖസത്യം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വിലക്കയറ്റമെന്ന ആക്ഷേപം കാര്യമായി ഉന്നയിക്കാന്‍ പ്രതിപക്ഷങ്ങള്‍ക്ക്‌ അവസരം ലഭിക്കാത്ത ഭരണസമയമായിരുന്നു 1978 ഉം 2000-2004 കാലഘട്ടങ്ങള്‍. 2004 ല്‍ യു.പി.എയുടെ ധനമന്ത്രി അധികാരമേറ്റ്‌ അധികം കഴിയുംമുമ്പ്‌ നടത്തിയ വെളിപ്പെടുത്തലില്‍ താന്‍ ഏറ്റെടുത്തത്‌ സുസ്ഥിരമായ ഒരു സമ്പദ്‌ വ്യവസ്ഥയാണെന്ന്‌ തുറന്നു സമ്മതിച്ചിരുന്നു. ഏഴ്‌ കൊല്ലങ്ങള്‍ക്കുശേഷം അത്തരമൊരു പഴയ സുസ്ഥിരതയുടെ സ്ഥാനം സാമ്പത്തിക പ്രതിസന്ധി എന്ന പദം ഇപ്പോള്‍ കവര്‍ന്നെടുത്തിരിക്കുന്നു. ഇതാണ്‌ യു.പി.എയുടെ സാമ്പത്തികരംഗത്തെ നേട്ടം. പ്രധാനമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായിക്കും,അടല്‍ ബിഹാരി വാജ്പേയിക്കും വിലക്കയറ്റവും നാണയപ്പെരുപ്പവും പിടിച്ചു നിര്‍ത്താനായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട്‌ ഇന്ദിരാഗാന്ധി മുതല്‍ മന്‍മോഹന്‍സിംഗ്‌ വരെയുള്ളവര്‍ക്ക്‌ അതിനായിട്ടില്ല എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുകയാണ്‌ വേണ്ടത്‌. റിസര്‍വ്വ്‌ ബാങ്കിലും ദല്‍ഹിയിലെ യോജനയിലും മറ്റും കുടിയിരിക്കുന്ന ആസ്ഥാന പണ്ഡിതന്മാര്‍ക്ക്‌ ഇതിനാകുന്നില്ല എന്നതാണ്‌ നാടിന്റെ ദുര്യോഗം.
പലിശ കൂട്ടാനായി കൈവിട്ട കളി നടത്തുന്ന റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണ്ണര്‍ സുബ്ബറാവുവും കൂട്ടരും അവലംബിക്കുന്ന ധനതത്വശാസ്ത്രം അടിസ്ഥാനപരമായി ശരിയായിരിക്കാം. റിപ്പോ നിരക്കു കൂട്ടി നാണയപ്പെരുപ്പം ക്രമീകരിക്കാമെന്നതാണത്‌. പക്ഷേ നിലവിലുള്ള പ്രതികൂല പരിതസ്ഥിതികളും തീഷ്ണമായ അനുഭവങ്ങളും ഇക്കാര്യത്തില്‍ കണക്കിലെടുക്കാത്തത്‌ ആപത്കരമാണ്‌.കഴിഞ്ഞ 12 തവണയും റിപ്പോ നിരക്ക്‌ കൂട്ടിയതുവഴി നാണയപ്പെരുപ്പം കുറഞ്ഞ അനുഭവം ഇന്ത്യയിലില്ല. ഇക്കാലത്ത്‌ വിലക്കയറ്റം താഴോട്ടു കൊണ്ടുവരാന്‍ സാധിച്ചിട്ടുമില്ല. സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാനതത്വമെന്തായാലും പലിശ നിരക്കിന്റെ കൂട്ടലും കുറയ്ക്കലും കൊണ്ട്‌ നമ്മുടെ രാജ്യത്തെ വില നിലവാരം ക്രമീകരിക്കാനാവില്ലെന്നതാണ്‌ അനുഭവം. ഇക്കാലയളവില്‍ രാജ്യത്ത്‌ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ അനുഭവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്‌.
സാമ്പത്തിക വളര്‍ച്ചയില്‍ 9 ശതമാനത്തിനപ്പുറം ബി.ജെ.പി. സര്‍ക്കാര്‍ എത്തിപ്പെട്ടഘട്ടമുണ്ട്‌. എന്നാല്‍ യു.പി.എ അധികാരമേറ്റശേഷം സാമ്പത്തിക വളര്‍ച്ചാതോത്‌ ക്രമേണ കുറയുകയാണ്‌. കഴിഞ്ഞ വര്‍ഷം 8 ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ചഉണ്ടായിരുന്നത്‌ 9 ശതമാനത്തിലധികം എത്തുമെന്ന്‌ പ്രധാനമന്ത്രിയും ധനമന്ത്രിയും പ്ലാനിംഗ്‌ കമ്മീഷനുംപ്രഖ്യാപിച്ചിരുന്നതാണ്‌. അതുണ്ടായില്ലെന്നു മാത്രമല്ല ഉള്ളതും താഴോട്ടുപോയി. എന്നാലിപ്പോള്‍ റിസര്‍വ്വ്‌ ബാങ്ക്‌ 2011-2012 ല്‍ സാമ്പത്തിക വളര്‍ച്ച 7.6% മാകുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ലോകബാങ്കും ഐ.എം.എഫ്‌ ഉം ഇക്കൊല്ലത്തെ വളര്‍ച്ച 7.5 ശതമാനത്തിലും താഴെയാകുമെന്നും കണക്കാക്കിയിട്ടുണ്ട്‌. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ വളര്‍ച്ച താഴോട്ട്‌ ദോഷകരമായ തലത്തിലേക്കാണ്‌ ഓടികൊണ്ടിരിക്കുന്നത്‌.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴോട്ടാണ്‌. വിലക്കയറ്റവും ഭക്ഷ്യ ദൗര്‍ലഭ്യതയും പരിഹാരമില്ലാത്തവിധം നാടിനെ അലട്ടുന്നു. ബജറ്റ്‌ പ്രതീക്ഷകളെല്ലാം തകിടം മറിയുകയാണ്‌. നാണ്യപ്പെരുപ്പം പിടിവിട്ടുകഴിഞ്ഞിരിക്കുന്നു. നികുതിപിരിവ്‌ പ്രതീക്ഷയിലും താഴെയാണ്‌. ജി.ഡി.പി.വളര്‍ച്ച കുറയുന്നു. അഴിമതി ആപത്കരമാം വിധം നാടിന്റെ വളര്‍ച്ചയെ അട്ടിമറിക്കുകയും ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുകയും ചെയ്തിരിക്കുന്നു. റിസര്‍വ്വ ബാങ്ക്‌ പോലൂള്ള സ്ഥാപനങ്ങള്‍ സാഹസികമായ ചൂതുകളിയിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയ്ക്ക്‌ പോറലേല്‍പ്പിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ട സാമ്പത്തിക വിദഗ്ധനായ ഇന്ത്യന്‍ പ്രധാനമന്ത്രി കടുത്ത മൗനത്തിലും വിധേയത്വം കൊണ്ട്‌ഉള്‍വലിയുന്ന പരിതാപകരമായ അവസ്ഥയിലുമാണുള്ളത്‌. എത്തിപ്പെട്ടിരിക്കുന്നു. വരുന്നനാളുകളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടാന്‍ പോകുന്നത്‌ അത്യധികം ഗുരുതരമായ വെല്ലുവിളികളേറെയായിരിക്കും. ഈ അപകടത്തെകുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്‌ ഈ കാലഘട്ടത്തിന്റെ ആവശ്യം.
-അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.