എച്ച്1 എന്‍1 നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി

Thursday 26 February 2015 7:58 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 നിയന്ത്രണവിധേയമാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തല്‍ ഇത് വ്യാപകമായിട്ടില്ലെങ്കിലും ഫലപ്രദമായ നിയന്ത്രണപ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് പുല്‍പ്പള്ളി വനമേഖലയില്‍ എഴുപത്തിആറോളംപേരെ ബാധിച്ച കുരങ്ങുപനിയുടെ തീവ്രതയും കുറഞ്ഞിട്ടുണ്ട്. എല്ലാ പകര്‍ച്ചവ്യാധികള്‍ക്കുമുള്ള മരുന്നുകള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ ഉറപ്പ് വരുത്തും. പകര്‍ച്ചവ്യാധി നിയന്ത്രണം നഗര-ചേരികളില്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ഇവയില്‍ കോര്‍പ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലേയും ആരോഗ്യപ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താന്‍, കോര്‍പ്പറേഷന്‍- മുനിസിപ്പല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് അഞ്ചിന് മുമ്പായി ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍, അതത് പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്ന് മഴക്കാലപൂര്‍വ്വ ശുചീകരണ-പകര്‍ച്ചവ്യാധി നിയന്ത്രണ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും. എല്ലാ ജില്ലകളിലും മാര്‍ച്ച് ഏഴ് മുതല്‍ 15 വരെ ആരോഗ്യസന്ദേശ യാത്രകള്‍ സംഘടിപ്പിക്കും. എംഎല്‍എ മാര്‍, എംപിമാര്‍, മറ്റ് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹികക്ഷേമ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ മുതലായവരുടെ പങ്കാളിത്തത്തോടെയാണ് എല്ലാ ജില്ലകളിലും വ്യാപകമായ സന്ദേശ യാത്രകള്‍ സംഘടിപ്പിക്കുക. റബ്ബര്‍, കൊക്കോ, പൈനാപ്പിള്‍ മുതലായ തോട്ടങ്ങളുടെ ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങള്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അതത് ജില്ലകളില്‍ വിളിച്ചുകൂട്ടി കൊതുകുനശീകരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കും. ജല ദൗര്‍ലഭ്യമുള്ള മേഖലകളില്‍, ശേഖരിച്ചുവെച്ച വെളളത്തില്‍ കൊതുക് പെരുകുന്നത് തടയാന്‍ ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കും. മഴക്കാലപൂര്‍വ്വ ശുചീകരണ ഭാഗമായി ബന്ധപ്പെട്ട മന്ത്രിമാര്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ പ്രതിനിധി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധികള്‍, ബന്ധപ്പെട്ട സംസ്ഥാനതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം മാര്‍ച്ച് 6 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.