മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി: വാര്‍ഡ് തല ശുചിത്വ കൗണ്‍സില്‍ വരുന്നു

Thursday 26 February 2015 10:31 pm IST

കോട്ടയം: ചങ്ങനാശേരി നഗരസഭ മാലിന്യ നിര്‍മാര്‍ജ്ജനപദ്ധതിയുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ ശുചിത്വ കൗണ്‍സില്‍ രൂപീകരണം ആരംഭിച്ചു. 21,23 വാര്‍ഡുകളിലാണ് കൗണ്‍സില്‍ രൂപികരിച്ചത്. പ്രദേശവാസികള്‍ ഉള്‍പ്പെട്ട 25 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ഒരു മാസത്തിനകം വാര്‍ഡ് തലത്തിലുള്ള ശുചിത്വ കൗണ്‍സില്‍ രൂപികരണം പൂര്‍ത്തിയാകും - നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരര്‍ അറിയിച്ചു. 151 അംഗങ്ങള്‍ ഉള്‍പ്പെടുന്ന നഗരസഭ തല ശുചിത്വ കൗണ്‍സില്‍ ഈ മാസ ആദ്യം രൂപികരിക്കുകയുണ്ടായി. ചങ്ങനാശേരി നഗരത്തെ മാലിന്യമുക്തമാക്കാന്‍ മാലിന്യമുക്ത നഗരം ആരോഗ്യമുള്ള നഗരം, ശുചിത്വ നഗരം സുന്ദര നഗരം എന്നി മുദ്രാവാക്യങ്ങളുയര്‍ത്തി നഗരസഭ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ശുചിത്വ കൗണ്‍സില്‍ രൂപികരണം. വീടുകളിലെ മാലിന്യം സംസ്‌കരിക്കുന്നതിനായി നഗരവാസികള്‍ക്ക് പൈപ്പ് കമ്പോസ്റ്റ് , ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു കഴിഞ്ഞു. ആലപ്പുഴ നഗരസഭയില്‍ വിജയകരമായി നടപ്പിലാക്കിയ തുമ്പൂര്‍മുഴി മാതൃകയിലുള്ള എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്്. കൂടാതെ ഇറച്ചിക്കടകളില്‍ നിന്നുള്‍പ്പെടെയുള്ള ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുവേണ്ടി അതത് കടകളുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്ന പദ്ധതിയും നഗരസഭ ആരംഭിക്കും. വീടുകളില്‍ കമ്പോസ്റ്റ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിക്കും നഗരസഭ പോത്സാഹനം നല്‍കും. ഒപ്പം അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്ക്, ചെരുപ്പ്, സിഎഫ്എല്‍ ലാബുകള്‍ എന്നിവ വീടുകളില്‍ നിന്നും സ്വീകരിച്ച് കച്ചവടക്കാര്‍ക്കു നല്‍ക്കുന്നതിന് നഗരസഭയ്ക്ക് പദ്ധതിയുണ്ട്. കുടംബശ്രീ യൂണിറ്റുകള്‍ക്കു പുറമെ റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.