നഗരത്തെ ഭക്തിയുടെ പെരും കടലാക്കി മണപ്പുള്ളി വേല

Friday 27 February 2015 9:33 am IST

പാലക്കാട്: പാലക്കാട് കോട്ടയെ സായാഹ്ന സൂര്യന്‍ പെന്നണിയിക്കുമ്പോള്‍ കോട്ടമൈതാനിയെ പൊന്നണിയിച്ച് മണപ്പുള്ളിക്കാവ് വേല. കേരളത്തിലെ തലയെടുപ്പുള്ള 25 ഗജ വീരന്‍മാര്‍ നെറ്റിപ്പട്ടമണിഞ്ഞെത്തിയപ്പോള്‍ കാണാനെത്തിയ പുരുഷാരം നഗരത്തെ ഉത്സവത്തിന്റെ പെരുംകടലാക്കിമാറ്റി. ഇന്നലെ രാവിലെ നാലുമണിക്ക് നടതുറന്നതോടെ വേലമഹോത്സവത്തിന് തുടക്കമായി. ഉഷപൂജക്ക് ശേഷം കാഴ്ചശീവേലി അവസാനിക്കുന്നതോടെ ശ്രീമൂലസ്ഥാനത്തു നിന്ന് വാളും പീഠവും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ചാന്താഭിഷേകം. അലങ്കാര ബിംബം ദാരുശില്‍പമായതിനാല്‍ തേക്കുമരത്തില്‍ നിന്നു സ്ഫുടം ചെയ്‌തെടുക്കുന്ന ചാന്താണ് അഭിഷേകം ചെയ്യുക. ഭഗവതിയുടെ പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണിത്. വൈകീട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു ഗജവീരന്‍മാരുടെ അകമ്പടിയോട് കോട്ടമൈതാനിയിലേക്ക് വേല എഴുന്നള്ളിപ്പ്. രാത്രി എട്ടരക്ക് വേല മന്ദം കയറിയതോടെ കരിമരുന്ന് പ്രയോഗം കാണികളുടെ മനം കവര്‍ന്നു. 27ന് രാവേല, കമ്പം, വെടിക്കെട്ട്, ശീവേലി, കൊടിയിറക്കം തുടര്‍ന്ന് ഈട് വെടിയോടെ  സമാപനമാകും. കുംഭമാസത്തില്‍ ഒന്നാമത്തെ വെള്ളിയാഴ്ച വേലയ്ക്കു കൊടിയേറിക്കഴിഞ്ഞാല്‍ ദേശക്കാര്‍ രാത്രി ദേശം വിട്ടുപോകാറില്ല. പരമ്പരാഗതമായി തുടരുന്ന അനുഷ്ഠാനങ്ങള്‍ക്കും ഇന്നും വ്യത്യാസമില്ല. കണ്യാര്‍കൊണ്ട് 14-ാം ദിവസം വേല. അതാണു ചിട്ട. പുതുശ്ശേരിവേല, കല്ലേപ്പുള്ളി കുമ്മാട്ടി, ഉത്രാളിക്കാവ് പൂരം എന്നിവയ്ക്കുശേഷം അതേ ആഴ്ച തന്നെ മണപ്പുള്ളിക്കാവ് വേലയും ആഘോഷിക്കും. മണപ്പുള്ളി ഭഗവതി വേലയ്ക്ക് എഴുന്നള്ളിയാല്‍ ശ്രീകോവിലിന്റെ അഴിവാതില്‍ അടച്ചിടും. വൈകിട്ട് പതിവുള്ള ദീപാരാധനയും അത്താഴപൂജയും ഉണ്ടാകാറില്ല. അന്നു ഭഗവതി ദേശക്കാരോടൊപ്പം മതിമറന്ന് വേല ആഘോഷിക്കുന്നു എന്നാണ് വിശ്വാസം. പിറ്റേന്നു കാലത്ത് കൊടിയിറക്കവും ശുദ്ധിയും കഴിഞ്ഞാണ് തലേദിവസത്തെ ദീപാരാധനയും അത്താഴപൂജയും നടത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.