ആറുമാസത്തെ പ്രസവാവധി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 27 February 2015 9:40 am IST

പാലക്കാട്: സര്‍ക്കാര്‍ സര്‍വീസിലെ വനിതാ ജീവനക്കാരെ പോലെ കേരള ആഗ്രോ മെഷിനറി കോര്‍പ്പറേഷനിലെ (കാംകോ) വനിതാ ജീവനക്കാര്‍ക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍  (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍.പുരുഷ ജീവനക്കാര്‍ക്ക് 10 ദിവസത്തെ പെറ്റേണിറ്റി ലീവും അനുവദിക്കണം. കഞ്ചിക്കോട്ടെ കാംകോ എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി സി. ഹരിഗോവിന്ദന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കേരള ആഗ്രോ മെഷിനറി കോര്‍പ്പറേഷനില്‍ അമ്പതോളം വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. പി.എസ്.സി യിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് കാംകോയിലെ ജീവനക്കാര്‍.  സര്‍ക്കാരില്‍ പ്രസവാവധി 6 മാസമാണെങ്കിലും കാംകോയില്‍ 84 ദിവസം മാത്രമാണ് നല്‍കുന്നതെന്ന്  പരാതിയില്‍ പറയുന്നു. പുരുഷന്മാര്‍ക്ക് പെറ്റേണിറ്റി ലീവ് അനുവദിക്കാറില്ല. കാംകോയിലെ ജീവനക്കാര്‍ക്ക് കേരള സര്‍വീസ് റൂള്‍ ബാധകമല്ലെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നുമാണ് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചത്. കാംകോ മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ കാംകോ ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരെ പോലെയല്ലെന്നും ലീവ് വ്യവസ്ഥകള്‍ യൂണിയനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളതെന്നും അറിയിച്ചു. ആറു മാസത്തെ പ്രസവാവധി നല്‍കണമെന്ന മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരസിച്ചതായും എം.ഡി. അറിയിച്ചു. എന്നാല കാംകോയിലെ വനിതാ ജീവനക്കാര്‍ക്ക്  കെ.എസ്.ആറിന് സമാനമായി പ്രസവാവധി അനുവദിക്കണമെന്നും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് അനിവാര്യമാണെന്നും കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവില്‍ പറഞ്ഞു.  ഉത്തരവ് ചീഫ് സെക്രട്ടറിക്കും കാംകോ മാനേജിംഗ് ഡയറക്ടര്‍ക്കും കൈമാറിയതായി കമ്മീഷന്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.