പദയാത്രയുടെ ലക്ഷ്യം മാനവ ഐക്യം ഊട്ടിയുറപ്പിക്കാന്‍

Saturday 28 February 2015 10:42 pm IST

മാനവ് ഏകതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പദയാത്ര യ്ക്ക് കണ്ണൂരില്‍നല്‍കിയ സ്വീകരണത്തില്‍ ശ്രീ എം സംസാരിക്കുന്നു

കണ്ണൂര്‍: മാനവ് ഏകതാ മിഷന്റെ നേതൃത്വത്തില്‍ ശ്രീ എം നയിക്കുന്ന പ്രത്യാശയുടെപദയാത്രക്ക് ഇന്നലെ കണ്ണൂരില്‍ സ്വീകരണം നല്‍കി. രാവിലെ 6 മണിക്ക് മുഴപ്പിലങ്ങാട് വെച്ച് സ്വീകരിച്ചു തോട്ടട സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ സ്വീകരണം നല്‍കി. ഒരു മണിയോടെ കണ്ണൂര്‍ നഗരത്തില്‍ പ്രവേശിച്ച ശ്രീ എമ്മിനും സഹയാത്രികര്‍ക്കും കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം നല്‍കി.

സമാധാനത്തിന്റെയും മൈത്രിയുടേയും സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് പദയാത്ര നടത്തുന്ന ശ്രീ എമ്മും അനുയായികളും കഴിഞ്ഞ ജനുവരി 11 ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് 49 ദിവസം പിന്നിടുമ്പോള്‍ 815 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് 49 സ്ഥലങ്ങളില്‍ യാത്രയ്ക്കിടയില്‍ താമസിച്ച് സത്‌സംഗങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.

ദിനം പ്രതി ശരാശരി 20 കിലോമീറ്റര്‍ പദയാത്രയായി ശ്രീഎമ്മും കൂട്ടരും സഞ്ചരിക്കുന്നുണ്ട്. രാവിലെ 5.30 മണിക്കാരംഭിക്കുന്ന പദയാത്ര ഉച്ചക്ക് ഒരു മണിയോടെ അവസാനിപ്പിക്കുകയും വൈകുന്നേരങ്ങളില്‍ സത്‌സംഗങ്ങള്‍ സംഘടിപ്പിച്ചുമാണ് മുന്നോട്ട് പോവുന്നത്. പദയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ ആളുകള്‍ കൂടാതെ 70 വയസ്സിനു മുകളിലുളളവരുള്‍പ്പെടെ 65 സ്ഥിരാംഗങ്ങള്‍ പങ്കാളികളാവുന്നുണ്ട്. വിദേശ വനിതകളുള്‍പ്പെടെയുളളവരും ശ്രീ എമ്മിനെ അനുഗമിക്കുന്നുണ്ട്.

കേരള പര്യടനം മാര്‍ച്ച് 7ന് പാണത്തൂരില്‍ സമാപിക്കും.തുടര്‍ന്ന് യാത്ര കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കും. വൈകുന്നേരം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പൊതുജനങ്ങള്‍ക്കായി സത്സംഗം നടന്നു. ഇന്ന് രാവിലെ കണ്ണൂരില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര 8 മണിക്ക് പുതിയതെരുവിലെത്തും. ഉച്ചയോടെ പാപ്പിനിശ്ശേരി വഴി പഴയങ്ങാടിയില്‍ സമാപിക്കും.

കണ്ണൂരില്‍ നടന്ന സ്വീകരണത്തിന് ജില്ലാ സംയോജകന്‍ ടി.എസ്.വിശ്വനാഥന്‍, സംഘാടക സമിതി ചെയര്‍മാന്‍ മഹേഷ് ചന്ദ്രബാലിഗ, പി.പി.ചന്ദ്രന്‍, രാജന്‍ തീയറേത്ത്, കെ.പി.രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ സമൂഹത്തില്‍ വ്യത്യസ്തതയുടെ പേരില്‍ നടക്കുന്ന ഹിംസകള്‍ അവസാനിപ്പിക്കണമെന്നും ഹിംസരഹിതമായ ഭാരതമാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്നും ശ്രീ എം കണ്ണൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്വയം പ്രചരണം ഇഷ്ടപ്പെടാത്ത താന്‍ തന്റെ ലക്ഷ്യവും യാത്രയും ജനങ്ങളിലെത്തിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നതെന്നും പടത്തിന് പോസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാശയുടെ യാത്ര പൂര്‍ത്തിയാകുമ്പോഴേക്കും മാനവ ഐക്യം ഊട്ടിയുറപ്പിക്കാന്‍ രാജ്യത്ത് എന്തെങ്കിലും മാറ്റമുണ്ടാവുമെന്നും ഈ പ്രത്യാശയാണ് യാത്രയുമായി മുന്നോട്ടു പോവാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം നല്ല സ്വീകരണമാണ് ലഭിക്കുന്നത്. രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂരില്‍ നടക്കുന്ന അഹിംസ അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.