വെളിച്ചെണ്ണയില്‍ മായം: പത്തോളം ബ്രാന്റുകള്‍ ഗുണനിലവാരമില്ലാത്തത്

Sunday 1 March 2015 10:56 am IST

തിരുവനന്തപുരം: നിത്യോപയോഗ വസ്തുവായ വെളിച്ചെണ്ണയില്‍ മായം കലര്‍ത്തി വില്‍ക്കുന്നുവെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍. സംസ്ഥാനത്ത് വിപണിയിലുള്ള പത്തോളം ബ്രാന്റുകള്‍ മായം കലര്‍ന്നിട്ടുണ്ട്. ഉദര രോഗങ്ങളും ക്യാന്‍സറുമടക്കം മാരക രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്ന മായം കലര്‍ന്ന വെളിച്ചെണ്ണയാണ് സംസ്ഥാനത്ത് വിപണിയിലുള്ളതെന്നും അസോസിയേഷന്‍ പ്രസിഡന്റ് എം. എ. മജീദ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ താക്കീതുമായി അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മായം കലര്‍ന്നതായി കണ്ടെത്തിയ വിപണിയില്‍ ലഭ്യമായ പത്തോളം വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ പേരുവിവരവും പുറത്തുവിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാന്റുകളിലാണ് കൂടുതലും മായം കണ്ടെത്തിയിരിക്കുന്നത്. കേരള കോകോ ഫ്രെഷ് കൊപ്ര നാട്, കല്‍പകേര, മാണിക്യം ഫ്രെഷ് കോക്കനട്ട് ഓയില്‍, കേരളീയ നാട്, കോകോ ശുദ്ധം കോക്കനട്ട് ഓയില്‍, കേര ശുദ്ധം, ഓണം കോക്കനട്ട് ഓയില്‍. കോക്കനട്ട്‌നാട്, കേര ട്രീ കോക്കനട്ട് ഓയില്‍ എന്നീ ബ്രാന്റുകളെയാണ് അസോസിയേഷന്‍ പരാമര്‍ശിച്ചത്. ഈ വിപത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മലയാളികളുടെ ആരോഗ്യത്തെയും ആയുസിനെയും ദോഷകരമായി ബാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എട്ടിനആവശ്യങ്ങള്‍ ഇതിനായി അവര്‍ മുന്നോട്ടുവയ്ക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന എണ്ണകള്‍ വിപണനത്തിന് ആവശ്യമായ ശുദ്ധി ഉണ്ടോയെന്നു ചെക്‌പോസ്റ്റുകളില്‍ പരിശോധിക്കണം. കേരളത്തില്‍ വെളിച്ചെണ്ണയ്ക്ക് നികുതിയില്ലെങ്കിലും ഇതരസംസ്ഥാനത്തു നികുതി അടയ്ക്കാത്ത വെളിച്ചെണ്ണ ചെക്‌പോസ്റ്റ് കടക്കാന്‍ അനുവദിക്കരുത്, ഇറക്കുമതിയില്‍ ആവശ്യം വ്യക്തമായി രേഖപ്പെടുത്തി വാങ്ങുക, മായം പരിശോധിക്കുന്നതിനു വിപുലമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക. മായം കണ്ടെത്തുന്ന പക്ഷം ഭീമമായ പിഴ ഈടാക്കുക തുടങ്ങിയതാണ് ആവശ്യങ്ങള്‍. മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വരവോടെ കേരളത്തിലെ വ്യാപാരികല്‍ക്കും മില്ലുകള്‍ക്കും നഷ്ടം വന്നിരിക്കുകയാണ്. ആരോഗ്യ-സാമ്പത്തിക രംഗങ്ങളില്‍ കേരളത്തെ തളര്‍ത്തുന്ന ഈ പ്രവണതയ്‌ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍, സെക്രട്ടറി പോള്‍ ആന്റണി, മറ്റ് ഭാരവാഹികളായ ഷോമി ജോര്‍ജ്, പ്രകാശ് ബി. റാവു, തലാത്ത് മഹ്മൂദ്, എഫ്. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.