സിപിഐ സമ്മേളനത്തില്‍ പന്ന്യനെതിരെ രൂക്ഷവിമര്‍ശനം

Sunday 1 March 2015 11:06 am IST

കോട്ടയം: സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന- ദേശീയ നേതൃത്വത്തിനെതിരെ അംഗങ്ങളുടെ രൂക്ഷവിമര്‍ശനം. സംഘടനാ പരമായ പരാജയത്തില്‍ നിന്നും മുഖം രക്ഷിക്കാനുള്ള പന്ന്യന്‍ രവീന്ദ്രന്റെയും സംഘത്തിന്റെയും തന്ത്രം പൊളിഞ്ഞു. ബിജെപി സംഘപരിവാര്‍ വിരോധവും സിപിഎം വിമര്‍ശനവും നടത്തി സംഘടനാ കാര്യങ്ങളുടെ ചര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രമം. ദേശീയ രാഷ്ട്രീയത്തില്‍ ഇടതു പക്ഷത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെങ്കിലും അതിനു കരുത്തുള്ള നേതൃത്വമല്ല സിപിഐയുടേതെന്ന വിമര്‍ശനമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഉയര്‍ത്തിയത്. ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം അംഗങ്ങള്‍ ഉന്നയിച്ചു. സിപിഐ നേതൃത്വത്തിനെതിരെ നിശിത വിമര്‍ശനം ഉയര്‍ന്നതായി ഇന്നലെ വൈകിട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ബിനോയ് വിശ്വം സമ്മതിക്കുകയും ചെയ്തു. എല്‍ഡിഎഫ് സംവിധാനം ജില്ലാതലത്തില്‍ താഴെക്ക് പ്രവര്‍ത്തിക്കുന്നില്ലെന്നും അത് ശക്തിപ്പെടുത്തണമെന്നുമുള്ള ആവശ്യം ഉയര്‍ത്തിയവര്‍ എല്‍ഡിഎഫിന്റെ ശൈലിയില്‍ മാറ്റം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സീറ്റു വിവാദവുമായി ബന്ധപ്പെട്ടും പ്രതിനിധികള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയുടെ കേശാലങ്കാരം വരെ വിമര്‍ശന വിധേയമാക്കിയ പ്രതിനിധികളുമുണ്ടായിരുന്നു. എല്‍ഡിഎഫില്‍ നിന്നും ഘടകകക്ഷികള്‍ വിട്ടുപോയതിന് സിപിഎമ്മിനെ കുറ്റപ്പെടുത്തിയ പ്രതിനിധികള്‍ സിപിഐ സിപിഎമ്മിന്റെ വാലായി മാറുന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്നും പറഞ്ഞു. എല്‍ഡിഎഫിലെ രണ്ടാം കക്ഷി എന്ന നിലയില്‍ സിപിഐ പറയേണ്ട സമയത്ത് പലതും പറഞ്ഞില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതായി മാധ്യമപ്രവര്‍ത്തകരോട് സമ്മേളന വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ബിനോയ് വിശ്വം സമ്മതിക്കുകയും ചെയ്തു. ബിജെപിയുടെയും സിപിഎമ്മിന്റെയും ചുറ്റുവട്ടത്ത് സമ്മേളന ചര്‍ച്ചകള്‍ കെട്ടിയിട്ട് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടുകളും പാളിച്ചകളും ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയെടുക്കാനുള്ള സിപിഐ നേതൃത്വത്തിന്റെ തന്ത്രം പാളുന്ന കാഴ്ചയാണ് സമ്മേളനവേദിയില്‍ ഇന്നലെയും കണ്ടത്. കാനം രാജേന്ദ്രന്‍ സെക്രട്ടറിയാകാന്‍ കേന്ദ്ര നേതൃത്വം താല്‍പര്യം കാട്ടിയതിനെതിരെയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ദേശീയ നേതൃത്വം ഒരു വിഭാഗത്തോടൊപ്പം നില്‍ക്കുന്നുവെന്നുവരെ ആരോപണം ഉയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.