ക്രഷര്‍ ഉടമകള്‍ക്ക് പിന്നാലെ ടിപ്പര്‍ തൊഴിലാളികളും പണിമുടക്കുന്നു; നിര്‍മാണ മേഖല സ്തംഭിച്ചു

Sunday 1 March 2015 12:50 pm IST

കൊച്ചി : ഖനനചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ചെറുകിട ക്രഷര്‍ ഉടമകള്‍ ആരംഭിച്ച സമരത്തിനു പിന്നാലെ ടിപ്പര്‍ തൊഴിലാളികളും സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് നിര്‍മ്മാണ മേഖല പൂര്‍ണമായും സ്തംഭിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണവും നിലച്ചു. സ്റ്റോക്ക് അവശേഷിക്കുന്ന ചില സ്ഥലങ്ങളില്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ മെട്രോ നിര്‍മ്മാണം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. മെട്രൊക്ക് ഇതുമൂലം ഒരു ദിവസം ഏകദേശം ഇരുപതു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്. കൂടാതെ തൊഴിലാളികളുടെ പിരിഞ്ഞുപോകലും മെട്രൊയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതു കൂടാതെ കരാറുകാര്‍ പിന്മാറുമെന്ന് അറിയിച്ചതായി ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. മെട്രോ നിര്‍മാണം തടസ്സപ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ രാജമാണിക്യം പറഞ്ഞു. സമരം ക്വാറി ഉടമകളുടെ സമ്മര്‍ദ്ദ തന്ത്രമാണ്. ഇപ്പോള്‍ കരാറുകാര്‍ ക്വാറി സമരം മറയാക്കുകയാണ്. നേരത്തേയും മെട്രോ നിര്‍മ്മാണം തടസ്സപ്പെട്ടിട്ടുണ്ട്. പ്രതിസന്ധികള്‍ ഡിഎംആര്‍സിക്കും ശ്രീധരനും മറികടക്കാനാകുമെന്നും രാജമാണിക്യം പറഞ്ഞു. ക്വാറി-ക്രഷര്‍ ഖനന മേഖലയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സംസ്ഥാന വ്യാപകമായി ടിപ്പര്‍ലോറി ഉടമകളുടെ സംയുക്ത സമരം. ശനിയാഴ്ച വൈകീട്ട് ആലുവ പാലസില്‍ ചേര്‍ന്ന സംയുക്ത സംഘടനകളുടെ യോഗത്തിലാണ് അര്‍ധരാത്രി മുതല്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചത്. ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് സമിതി, കേരള സ്റ്റേറ്റ് ടിപ്പര്‍ ലോറി ഓണേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ടിപ്പര്‍ എര്‍ത്ത് മൂവിങ് എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്. ഖനന നിയമം തങ്ങള്‍ക്ക് അനുകൂലമാക്കണമെന്നാവശ്യപ്പെട്ടാണ് ചെറുകിട ക്വാറി ഉ‌ടമകള്‍ സമരം ആരംഭിച്ചത്. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കണമെന്ന പുതിയ നിമയം ഭേദഗതി ചെയ്യണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറി ഉടമകള്‍ക്ക് സ്റ്റോപ്പ് മെമോ കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ അടിയന്തരമായി പരിഹാരം കാണണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ക്വാറി ഉടമകള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.