സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വികാരഭരിതനായി പന്ന്യന്‍

Sunday 1 March 2015 5:14 pm IST

കോട്ടയം: മുന്‍ സെക്രട്ടറിമാരായ പി.കെ.വാസുദേവന്‍, വെളിയം ഭാര്‍ഗവന്‍, സി.കെ.ചന്ദ്രപ്പന്‍ എന്നിവര്‍ക്കുള്ളതുപോലുള്ള സംഘടനാ പാടവം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എത്ര വിചാരിച്ചാലും തനിക്ക് അവരെപ്പോലെ ആവാന്‍ കഴിയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പി.കെ.വിയും വെളിയവും ചന്ദ്രപ്പനുമൊക്കെ പാര്‍ട്ടിയെ നയിച്ചത് കണ്ടാല്‍ ആരും അത്ഭുതപ്പെട്ടു പോവും. അത് ഒരു കഴിവായിരുന്നു. നേതൃത്വം പാടവമായിരുന്നു. അവരെല്ലാം തീയില്‍ കുരുത്തവരായിരുന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. അപ്പോഴും എന്നിലെ ഏറ്റവും മികച്ചത് പാര്‍ട്ടിക്ക് നല്‍കാന്‍ ഞാന്‍ ശ്രമിച്ചു. വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ കാണുന്നുവെന്നും പന്ന്യന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ലെന്നും സെക്രട്ടറി പദം ആഗ്രഹിച്ചിരുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു. കോട്ടയത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയ്ക്ക് ശേഷം നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു പന്ന്യന്റെ വികാരഭരിതമായ വാക്കുകള്‍. സമ്മേളനത്തില്‍ സിപിഐയുടെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ പന്ന്യന്‍ ശാസിച്ചു. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശാസന. ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും പൊതുചര്‍ച്ചയില്‍ ഉപയോഗിക്കുന്ന പദങ്ങളില്‍ മര്യാദ പാലിക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു. വിഎസിനെ വിമര്‍ശിക്കുന്ന സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ചും തന്‍റെ പ്രസംഗത്തില്‍ പന്ന്യന്‍ പരാമര്‍ശിച്ചു. റിപ്പോര്‍ട്ടിന്റെ വണ്ണത്തിലല്ല, ഉള്ളടക്കത്തിലാണ് കാര്യമെന്നായിരുന്നു പന്ന്യന്റെ പരാമര്‍ശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.