പ്രഹ്‌ളാദന്‍ പ്രതീകം

Sunday 1 March 2015 8:40 pm IST

ഈശ്വരകൃപയും ഈശ്വരശക്തിയും നിങ്ങളുടെ പ്രയത്‌നത്തില്‍ സഹായകമായി ഉണ്ടെന്ന് കാണാന്‍ കഴിഞ്ഞാല്‍ പുരുഷപ്രയത്‌നംകൊണ്ട് നേടാന്‍ കഴിയാത്തതായി യാതൊന്നുമില്ല

''ആദ്ധ്യാത്മികമായ സംസ്‌കാരങ്ങളാല്‍ അനുഗൃഹീതരായവര്‍ക്ക് പെട്ടെന്ന് പുരോഗതി ലഭിക്കുന്നു. നിങ്ങള്‍ക്ക് ഇപ്രകാരമുള്ള സംസ്‌കാരങ്ങളില്ലെന്ന് പറയരുത്. ഇത്തരം ശ്രേഷ്ഠമായ സംസ്‌കാരങ്ങളില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ അമ്മയുടെ സവിധത്തിലെത്തുമായിരുന്നില്ല . സംസ്‌കാരമെന്നു പറയുന്നതെന്താണ്! ബാഹ്യമായ ഒരു ശക്തി നിങ്ങള്‍ക്ക് സംഭാവനചെയ്യുന്ന എന്തോ ഒന്നല്ല അത്. അവ നിങ്ങളുടെ തന്നെ സൃഷ്ടിയാണ്. ഇച്ഛാശക്തികൊണ്ടും നിരന്തരപ്രയത്‌നംകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും നിങ്ങള്‍തന്നെ ആദ്ധ്യാത്മികസംസ്‌കാരങ്ങളെ ഉദ്ദീപിപ്പിക്കണം. ഇൗശ്വരകൃപയും ഈശ്വരശക്തിയും നിങ്ങളുടെ പ്രയത്‌നത്തില്‍ സഹായകമായി ഉണ്ടെന്ന് കാണാന്‍ കഴിഞ്ഞാല്‍ പുരുഷപ്രയത്‌നംകൊണ്ട് നേടാന്‍ കഴിയാത്തതായി യാതൊന്നുമില്ല. ''സംസ്‌കാരം കാര്യവുമാണ് കാരണവുമാണ്. ഒരാള്‍ മായയുടെ സീമയെ അതിലംഘിക്കുമ്പോള്‍ ആ ആളിനെ സംബന്ധിച്ച് സംസാരമൊന്നില്ല. ഈശ്വരകൃപയാല്‍ മാത്രമേ ഒരാള്‍ക്ക് മായയെ അതിജീവിക്കാന്‍ കഴിയൂ. ഈശ്വരകൃപ ഗുരുവിന്റെ ദിവ്യ ആകാരം സ്വീകരിച്ച് ശിഷ്യനെ അഭ്യസിപ്പിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിയുമ്പോള്‍ ജീവന്‍ ഈശ്വരനോട് ചെയ്തിട്ടുള്ള പ്രതിജ്ഞയോടും സംസാരത്തിന്റെ ഭീകരതകളേയും ജീവിതലക്ഷ്യത്തേയും കുറിച്ചു ശിഷ്യനെ അനുസ്മരിപ്പിക്കുന്നത് സദ്ഗുരുവാണ്. ഗുരു ജീവനെ മോക്ഷമാര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നു. എല്ലാ ശരീങ്ങളും നശിക്കും. സകലരും സ്വന്തം കണ്ണുകൊണ്ട് ഈ നഗ്നധര്‍മ്മം കാണുന്നുമുണ്ട്. എന്നിട്ടും സത്യം വിസ്മരിച്ച് സ്വന്തം ശരീരത്തെ മമതാവേശത്തോടെ അള്ളിപ്പിടിച്ച് കഴിയുന്നു. ഇതാണ് മായ. ഈശ്വരകൃപയുടെ മതത്വവും ഈശ്വരനാമത്തിന്റെ മാധുര്യവും നിഗൂഢ സ്പര്‍ശത്തിന്റെ സവിശേഷതയും അവ ഗാഢമായ വിശ്വാസത്തിലൂടെ മാത്രമേ അനുഭവിക്കാന്‍ കഴിയൂ. പ്രഹ്‌ളാദന്‍ അത്തരത്തിലുള്ള ദൃഢവിശ്വാസത്തിന്റെ പ്രതീകമായിരുന്നു. ഭക്തനായ പ്രഹ്‌ളാദന്റെ അതി മഹത്തായ ഈ വിശ്വാസമാണ് ജഡമായ സ്തൂപത്തില്‍ നിന്നുപോലും അരൂപമായ നിര്‍ഗ്ഗുണ ബ്രഹ്മത്തെ സ്വരൂപമായി അവതരിപ്പിച്ചത്. സ്വാഭാവികമായി അറിയപ്പെടുന്ന പ്രകൃതി നിയമങ്ങളെ അനാഥാകരിക്കാന്‍ ഈശ്വരകൃപയ്ക്ക് അപാരശക്തിയുണ്ട്. ഈശ്വരകൃപ കാകോളത്തെപ്പോലും അമ്യതാക്കി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. ആളിക്കത്തുന്ന അഗ്നിയെ സുഖശീതളമാക്കി മാറ്റിയിട്ടുണ്ട്. തയ്യാറാക്കിയത്: ടി. ഭാസ്‌കരന്‍ കാവുംഭാഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.