കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

Monday 2 March 2015 2:42 pm IST

  കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയായി എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു. മത്സരത്തിന്റെ വക്കിലെത്തിയ സംഭവ വികാസങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അവസാന നിമിഷം കെ.ഇ ഇസ്മയില്‍ പിന്മാറിയതോടെയാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. കാനം രാജേന്ദ്രന്‍ സെക്രട്ടറിയാകണമെന്ന പന്ന്യന്‍ രവീന്ദ്രനടക്കമുള്ള സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായത്തോട് സെന്‍ട്രല്‍ കമ്മറ്റിയ്ക്കും യോജിപ്പാണുള്ളത്. എന്നാല്‍ സമ്മേളനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ കെ.ഇ. ഇസ്മായിലിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് നേതൃത്വത്തെ അങ്കലാപ്പിലാക്കി. സമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മിലുള്ള തര്‍ക്കം പലപ്പോഴും നിയന്ത്രണാതീതമായി. തിരുവനന്തപുരം സീറ്റ് വിവാദത്തില്‍ സി.ദിവാകരനെതിരെ ഔദ്യോഗിക നേതൃത്വം ഗൂഢാലോചന നടത്തിയെന്ന് പ്രതിനിധികള്‍ ആരോപിച്ചു. ഇതിനെതുടര്‍ന്നുണ്ടായ തര്‍ക്കം സമ്മേളനം അരമണിക്കൂര്‍നേരം നിര്‍ത്തിവയ്ക്കുന്നതിലാണ് കലാശിച്ചത്. ജനറല്‍ സെക്രട്ടറി സുധാകരറെഡ്ഡിയും ഡി.രാജയും നടത്തിയ സമവായ ശ്രമങ്ങളാണ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം ഒഴിവായത്. കോട്ടയം ജില്ലയിലെ കാനം സ്വദേശിയായാണ് രാജേന്ദ്രന്‍. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് കാനം രാജേന്ദ്രന്‍ സിപിഐയുടെ നേതൃനിരയിലേക്കെത്തുന്നത്. ഇരുപതാമത്തെ വയസില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ എത്തിയ കാനം ഇരുപത്തിയെട്ടാം വയസില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി. 1982 ലും 1987 ലും വാഴൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് കാനം നയമ സഭയിലെത്തി. മികച്ച നിയമസഭ സാമാജികനായും കാനം പേരെടുത്തിരുന്നു. സമ്മേളനം ഇന്ന് റാലിയും പൊതുസമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം ഗുരുദാസ് ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.