അടിമാലി കൂട്ടക്കൊല; മുഖ്യ പ്രതി അറസ്റ്റില്‍

Monday 2 March 2015 7:56 pm IST

അടിമാലി:അടിമാലി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കര്‍ണ്ണാടക തുങ്കൂര്‍ സിറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മഞ്ചുനാഥ് (21) ആണ് പിടിയിലായത്. അടിമാലി സി.ഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആന്ധ്രാപ്രദേശുമായി അതിരുപങ്കിടുന്ന ഗ്രാമത്തില്‍നിന്നും പ്രതിയെ പിടികൂടിയത്. ഇന്നലെരാവിലെ അടിമാലിയിലെത്തിച്ച പ്രതിയെ കൊലപാതകം നടന്ന രാജധാനി ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് അടിമാലി കോടതിയില്‍ ഹാജരാക്കും. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളാണ് ഇനി പിടികിട്ടാനുള്ളവരെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 13ന് പുലര്‍ച്ചെയാണ് രാജധാനി ലോഡ്ജ് ഉടമ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തി മുപ്പതിനായിരത്തോളം രൂപയും മുപ്പത് പവന്‍ സ്വര്‍ണ്ണവുമാണ് പ്രതികള്‍ കവര്‍ന്നത്. പിടിയിലായ പ്രതിയില്‍ നിന്നും ഒരു കമ്മലും വളയും മാത്രമാണ് പോലീസിന് പിടിച്ചെടുക്കാനായത്. മുഖ്യപ്രതി മഞ്ചുനാഥ് കൂസലില്ലാതെ കുറ്റം ഏറ്റുപറഞ്ഞു. നിരവധിതവണ പ്രതികള്‍ രാജധാനി ലോഡ്ജില്‍ തങ്ങി. കുഞ്ഞുമുഹമ്മദും ഭാര്യ ഐഷയുമായി അടുത്ത പരിചയത്തിലായ മഞ്ചുനാഥ് അങ്കിള്‍, ആന്റി എന്നാണ് വിളിച്ചിരുന്നത്. കൊലപാതകം നടക്കുന്നതിന് മുന്‍പ് ഫെബ്രുവരി എട്ടിന് പ്രതികള്‍ ലോഡ്ജിലെത്തി കൊലപാതകത്തിന് തിരക്കഥ തയ്യാറാക്കി. പിന്നീട് ഫെബ്രുവരി 12ന് വീണ്ടും മുറിയെടുത്തു. അര്‍ദ്ധ രാത്രിയോടെ ലോഡ്ജില്‍ തന്നെ താമസമാക്കിയ ഉടമ കുഞ്ഞുമുഹമ്മദിനെ പ്രതികള്‍ വിളിച്ചുണര്‍ത്തി. പൈപ്പ് ചോരുന്നുണ്ടെന്നും നന്നാക്കിത്തരണമെന്നും പറഞ്ഞ് 302-ാം മുറിയിലേക്ക് വിളിപ്പിച്ചു. കുഞ്ഞുമുഹമ്മദ് മുറിയിലെത്തിയപ്പോഴേയ്ക്കും മഞ്ചുനാഥിന്റെ നേതൃത്വത്തിലുള്ള കൊലയാളി സംഘം ബഡ്ഷീറ്റുകൊണ്ട് കുഞ്ഞുമുഹമ്മദിന്റെ തലമൂടി. പിന്നീട് കാലും കയ്യും കെട്ടിയിട്ടു. മഞ്ചുനാഥാണ് കഴുത്ത് മുറുക്കി കുഞ്ഞുമുഹമ്മദിന്റെ മരണം ഉറപ്പുവരുത്തിയത്. മറ്റ് രണ്ട് പേരെയും ശ്വാസം മുട്ടിച്ച് കൊന്നതും  മഞ്ചുനാഥായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ അടിമാലി ടൗണില്‍ നിന്നും ഓട്ടോ റിക്ഷയില്‍ മൂവര്‍സംഘം ആലുവയ്ക്ക് പുറപ്പെട്ടു. ആലുവയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൃശൂരിലേക്ക് കടന്ന പ്രതികള്‍ പിന്നീട് ബാംഗ്ലൂര്‍ക്ക് തിരിച്ചു. ഇടുക്കി ജില്ലയില്‍ നിന്ന് പഴകിയ ഷര്‍ട്ടുകള്‍ ശേഖരിച്ച് കര്‍ണ്ണാടകയിലെത്തിച്ച് നൂറുരൂപ ഷര്‍ട്ട് എന്ന പേരില്‍ കച്ചവടം നടത്തുന്ന തൊഴിലാണ് പ്രതികള്‍ക്കെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.