കൊടുംവളവ് നിവര്‍ത്തി; തണ്ണീര്‍മുക്കം ബണ്ട് മുഖം മിനുക്കുന്നു

Monday 2 March 2015 8:34 pm IST

കോട്ടയം: കൊടുംവളവ് നിവര്‍ത്തിയും വീതികൂട്ടിയും തണ്ണീര്‍മുക്കം ബണ്ട് മുഖം മിനുക്കുന്നു. രണ്ടു കൊടുംവളവുകളാണ് ബണ്ടിന്റെ പണി പൂര്‍ത്തിയാകുന്നതോടെ നിവര്‍ത്തപ്പെടുന്നത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഏഴുമീറ്റര്‍ വീതിയുള്ള റോഡും ഇരുവശങ്ങളിലും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാതയുമാണ് പൂര്‍ത്തിയാകുന്നത്. ജൂണില്‍ പദ്ധതി കമ്മീഷന്‍ ചെയ്യത്തക്ക രീതിയില്‍ ധൃതഗതിയിലാണ് പണികള്‍ പൂര്‍ത്തിയാകുന്നത്. പുതിയ ബണ്ട് പൂര്‍ത്തിയാകുന്നതോടെ അപകടവളവുകള്‍ ഇല്ലാതാകും. കായലിന്റെ മദ്ധ്യഭാഗത്തായി ബോട്ട്‌ലോക്ക് നിര്‍മ്മിക്കുന്നതോടെ കൊല്ലം കോട്ടപ്പുറം നാഷണല്‍ വാട്ടര്‍വേയുടെ പ്രധാന തടസവും ഒഴിവാകും. കുട്ടനാട് മേഖലയിലുള്ള കായലില്‍ പതിക്കുന്ന മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, പമ്പയാര്‍, മണിമലയാര്‍ നദികളിലൂടെ വര്‍ഷകാലത്തൊഴുകിയെത്തുന്ന അധികജലം ഇതുവഴി കടലിലേക്ക് ഒഴുക്കിവിടുന്നതിനും കുട്ടനാടിനെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നതിനും കഴിയും. പ്രോജക്ട് പൂര്‍ത്തിയാകുമ്പോഴേക്കും 255 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. അപ്രതീക്ഷിതമായുണ്ടായ ക്വാറിസമരം ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നു. 2016 ഡിസംബറിനകം പൂര്‍ത്തികരിക്കണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും ആറുമാസം മുമ്പ് പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് ഇറിഗേഷന്‍ വകുപ്പ്  അധികൃതരുടെ പ്രതീക്ഷ. കടലിലെ ജലനിരപ്പിനേക്കാള്‍ താഴ്ന്നപ്രദേശമായ കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി വിഭാവനം ചെയ്ത വേമ്പനാട്ടുകായലിന് കുറുകെയുള്ള തണ്ണിര്‍മുക്കം ബണ്ടില്‍ മൂന്നാംഘട്ട വികസന പ്രവര്‍ത്തനമാണ് നടക്കുന്നത്. കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും നെല്‍കൃഷിയെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 1975ല്‍ ഇതിന്റെ ഒന്നും രണ്ടും ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെ വെള്ളപ്പൊക്ക, ഉപ്പുവെള്ള ഭീഷണിയില്‍നിന്നും സംരക്ഷിക്കുന്നതിന് ലക്ഷ്യംവച്ചാണ് പദ്ധതി തുടങ്ങിയത്. കടല്‍വെള്ളം തണ്ണീര്‍മുക്കം വഴിയും തോട്ടപ്പള്ളി വഴിയുമാണ് കുട്ടനാട് പ്രദേശത്തേക്ക് എത്തിക്കൊണ്ടിരുന്നത്. ഇതില്‍ തോട്ടപ്പള്ളിയില്‍ വേനല്‍രൂക്ഷമാകുന്നതോടെ പ്രകൃതിദത്തമായിതന്നെ മണല്‍മതില്‍ രൂപപ്പെടുകയും തന്മൂലം ഓരുവെള്ളം കൃഷിയിടങ്ങളിലേക്ക് എത്തുന്നത് തടയുകയും ചെയ്യും.തണ്ണീര്‍മുക്കം ഭാഗത്തുകൂടി ഒഴുകി എത്തുന്ന ഓരുവെള്ളത്തെ തടയുന്നതിനാണ് ഷട്ടറുകള്‍ പിടിപ്പിച്ച ബണ്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എഴുപതുകളില്‍ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അതിനുശേഷം വേണ്ടത്ര ശ്രദ്ധയില്ലാതായി. അതോടെ ഷട്ടറുകള്‍ കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുകയും പലഭാഗങ്ങളും പൂര്‍ണമായും ദ്രവിച്ചുപോകുകയും ചെയ്തു. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആസൂത്രണം ചെയ്ത കുട്ടനാട്പാക്കേജ് വന്നതോടെയാണ് തണ്ണീര്‍മുക്കം പദ്ധതിക്ക് പുതുജീവന്‍ വച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.