അദ്മാന്‍ സാമി വീണ്ടും ഭാരതപൗരത്വത്തിന് അപേക്ഷിച്ചു

Monday 2 March 2015 8:49 pm IST

ന്യൂദല്‍ഹി: ഭാരതപൗരത്വത്തിനുവേണ്ടി പാക്കിസ്ഥാന്‍ ഗായകന്‍ അദ്‌നാന്‍ സാമി അപേക്ഷിച്ചു. 43 കാരനായ സാമി രണ്ടാംവട്ടമാണ് പൗരത്വം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് ഭാരതപൗരത്വത്തിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.അന്ന് സാമിയുടെ അപേക്ഷ കേന്ദ്രം നിരസിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ വിദേശവിഭാഗത്തിനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും അപേക്ഷ പരിഗണനയിലാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞമാസം സാമിക്ക് ഭാരതപൗരത്വം അനുവദിക്കാന്‍ നിയമമന്ത്രാലയത്തിനോട് ആഭ്യന്തരമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പൗരത്വനിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതനുവദിക്കാനുള്ള അധികാരമെന്ന് നിയമമന്ത്രാലയം അറിയിക്കുകയായിരുന്നു. തീരുമാനമെടുക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് നിയമോപദേശം നല്‍കാന്‍ കഴിയുമെന്ന് നിയമമന്ത്രാലയം പറഞ്ഞു. ശാസ്ത്രം, തത്വചിന്ത, കല, സാഹിത്യം, മാനുഷിക പുരോഗതി എന്നീ മേഖലയിലുള്ള വിദേശികള്‍ക്ക് പൗരത്വം ലഭിക്കാനുള്ള അര്‍ഹത ഭാരതപൗരത്വ നിയമത്തിനു കീഴിലുണ്ട്. പാക്കിസ്ഥാനി പാസ്‌പോര്‍ട്ടാണ് സാമിക്കുള്ളത്. അദ്ദേഹം 2001 ലാണ് ഭാരതത്തിലെത്തിയത്. 2001 ലും 2003 ലും ഇംഗ്ലണ്ടിലും മറ്റ് നിരവധി രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. നേരത്തെ സാമി പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത് മുംബൈ പോലീസിലെ പ്രത്യേക വിഭാഗത്തിനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.