ആനയോട്ടത്തിന് മുമ്പ് കൊമ്പന്റെ കുറുമ്പ് പരിഭ്രാന്തി പരത്തി

Tuesday 3 March 2015 12:35 am IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആനയോട്ടം ആരംഭിക്കുന്നതിന് മുമ്പ് ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. മുക്കാല്‍ മണിക്കൂറോളം നാട്ടുകാരെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി മൂന്ന് കിലോമീറ്ററോളം ഓടിയ ആനയെ കോട്ടപ്പടിയില്‍ വെച്ച് ഏറെ പ്രയാസപ്പെട്ടാണ് തളച്ചത്. ആനയോട്ടത്തില്‍ പങ്കെടുക്കാനായി മഞ്ജുളാല്‍ പരിസരത്ത് കൊണ്ടു വന്ന ദേവസ്വത്തിലെ കൊമ്പന്‍ പീതാംബരനാണ് രണ്ട് മണിയോടെ ഇടഞ്ഞത്. ആനയോട്ടത്തിനായി ആനകളെ ഓരോന്നായി മഞ്ജുളാല്‍ പരിസരത്തേക്ക് കൊണ്ടുവരികയായിരുന്നു. ഗജരത്‌നം പത്മനാഭനടക്കം നാല് ആനകളെയാണ് മഞ്ജുളാല്‍ പരിസരത്ത് നിറുത്തിയിരുന്നത്. മൂന്ന് ആനകള്‍ക്കും ചുമര്‍ചിത്ര കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ കളഭം തൊടുവിച്ചു. പീതാംബരന് കളഭം തൊടുവിക്കനായി അടുത്തെത്തിയതോടെ റോഡില്‍ വെള്ളം തളിച്ചിരുന്ന ടാങ്കര്‍ ലോറി ഹോണടിച്ച് ആനകള്‍ക്ക് മുന്നിലെത്തി. ഇതോടെ വിറളി പിടിച്ച പീതാംബരന്‍ ലോറി കുത്തി മറിച്ചിടുകയായിരുന്നു. ഡ്രൈവര്‍ കണ്ണന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ സമയം ആനയോട്ടം വീക്ഷിക്കാനെത്തിയിരുന്നവര്‍ നിലവിളിച്ച് നാലുപാടും ചിതറിയോടി. ബഹളംകേട്ട് പീതാംബരന്‍ റെയില്‍വേ ഗേറ്റ് ഭാഗത്തേക്ക് തിരിഞ്ഞോടി. ഒപ്പം ആളുകളും പാപ്പന്മാരും ഓടിയതോടെ ആന തിരുവെങ്കിടം ഹൗസിംഗ് ബോര്‍ഡ് റോഡിലേക്കിറങ്ങി. ഹൗസിംഗ്‌ബോര്‍ഡ് വഴി മാവിന്‍ചുവട് ചിറ്റ്യേനി റോഡിലൂടെ ഓടി ശവക്കോട്ട വഴി കോട്ടപ്പടി മെയിന്‍ റോഡിലേക്കിറങ്ങി. മെയിന്‍ റോഡിലൂടെ കുറച്ച് ദൂരം ഓടിയപ്പോഴേക്കും കോട്ടപ്പടി സെന്റര്‍ എത്തുന്നതിന് മുന്‍പുള്ള ഇന്ധന ബങ്കിന് മുന്നില്‍ വെച്ച് രണ്ടേമുക്കാലോടെ വടമുപയോഗിച്ച് ആനയെ തളച്ചു. ഇടഞ്ഞ ആനകളെ തളക്കുന്നതില്‍ വിദഗ്ദ്ധനായ ആറന്മുള മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ 20ഓളം പാപ്പാന്മാര്‍ ചേര്‍ന്നാണ് തളച്ചത്. തളച്ച ആനയെ പിന്നീട് വെള്ളവും പഴവും നല്‍കി ശാന്തനാക്കി ആനയോട്ടത്തില്‍ പങ്കെടുപ്പിക്കാതെ ആനത്താവളത്തിലേക്ക് കൊണ്ടുപോയി. ഹര്‍ത്താലായിരുന്നതിനാല്‍ വാഹനങ്ങള്‍ കുറവായിരുന്നത് കൂടുതല്‍ അപകടം ഒഴിവാക്കി. ആന ഓട്ടം തുടങ്ങിയതുമുല്‍ വാഹനങ്ങളിലും ഓടിയും ആളുകള്‍ ആനക്ക് പുറകിലുണ്ടായിരുന്നു. വെറ്റിനറി ഡോക്ടര്‍ കെ.വിവേകിന്റെ നേതൃത്വത്തില്‍ പാപ്പാന്മാര്‍ മയക്കുവെടി വെക്കുന്നതിനുള്ള തോക്കുമായി ആനക്ക് പുറകിലുണ്ടായിരുന്നു. എന്നാല്‍ ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനാല്‍ പാപ്പാന്മാര്‍ക്കും ഡോക്ടര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ആനയിടഞ്ഞ സമയത്ത് ജനക്കൂട്ടത്തെ നിയന്തിക്കുന്നതിന് പോലീസെത്താതിരുന്നതാണ് ആനയെ തളക്കാന്‍ സമയമെടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.