ആയുധങ്ങള്‍ കാട്ടി പിടിച്ചുപറി നടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍

Tuesday 3 March 2015 4:40 pm IST

ഹരിപ്പാട്: ആയുധങ്ങള്‍ കാട്ടി പിടിച്ചുപറിയും മോഷണവും നടത്തിയ രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. കരുവാറ്റാ മൂന്നുമണിയ്ക്കല്‍ വീട്ടില്‍ അരുണ്‍ (അമ്പിളി-21), കരുവാറ്റാ രാജ് ഭവനത്തില്‍ സുജിത്ത് (25) എന്നിവരെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. പിടിയിലായ അരുണ്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുജിത്ത് ആര്‍എസ്പി കരുവാറ്റാ എല്‍സി സെക്രട്ടറിയുടെ മകനുമാണ്. ഫെബ്രുവരി 28ന് പുലര്‍ച്ചെ ദേശീയപാതയില്‍ കരുവാറ്റാ കന്നുകാലിപ്പാലം-തോട്ടപ്പള്ളി പ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്‌നര്‍ ലോറിക്കാരെ ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇവരുടെ കൈയിലുണ്ടായിരുന്ന 5200 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. തോട്ടപ്പള്ളി ഭാഗത്തു തന്നെ വണ്ടികയറാന്‍ കാത്തുനിന്ന മറ്റൊരാളുടെ ഒരു മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തു. മറ്റൊരു സംഭവത്തില്‍ നാടകനടന്റെ കഴുത്തില്‍ കിടന്ന മാല സംഘം ഭീഷണിപ്പെടുത്തി കവര്‍ച്ചനടത്തി. പിന്നീട് കൂടുതല്‍ പരിശോധനയില്‍ മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷന്‍ പിരിധിയിലും ഇതേ രീതിയിലുള്ള നിരവധി പിടിച്ചുപറികളും അക്രമങ്ങളും നടത്തിയതായി പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. കരുവാറ്റാക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രജീവനക്കാരെയും ഭക്തജനങ്ങളേയും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ കൂട്ടത്തില്‍ പിടിയിലായ സംഘത്തിലെ സുജിത്ത് പ്രതിയാണ്. 28ന് പുലര്‍ച്ചെ വാഹനപരിശോധനയ്ക്കിടയില്‍ പോലീസിനെ വെട്ടിച്ച് തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോയ സംഘത്തെ മാര്‍ച്ച് ഒന്നിന് രാവിലെ ഹരിപ്പാടിന് സമീപമുള്ള സ്വകാര്യ ബാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി വിവിധ കേസില്‍പ്പെട്ട 21 പേരോളം പിടിയിലായതായി പോലീസ് പറഞ്ഞു. ഹരിപ്പാട് സിഐ മനോജ്, എസ്‌ഐ രാജേഷ്, നിഷാദ്, രാധാകൃഷ്ണന്‍, സിദ്ദിഖ് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.