ചേര്‍ത്തലയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Tuesday 3 March 2015 4:55 pm IST

ചേര്‍ത്തല: ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടിടങ്ങളിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. തണ്ണീര്‍മുക്കം പഞ്ചായത്ത് 21-ാം വാര്‍ഡ് കൊക്കോതമംഗലം തറയില്‍ ശശിയുടെ വീടിനാണ് ആദ്യം തീപിടിത്തം ഉണ്ടായത്. ടിവി പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. തീപിടിക്കുന്നതുകണ്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും വീട് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഏകദേശം ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വില്ലേജോഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. രാത്രി 10.15 ഓടെ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് തിരുവിഴ കവലയ്ക്കു സമീപമുള്ള ലിയോ ടെക്‌സ് ഫാക്ടറിക്കും തീപിടിത്തമുണ്ടായി. കയറിന്റെ തടുക്കിന് ഉപയോഗിക്കുന്ന റബറൈസ്ഡ് ഷീറ്റുകളും അസംസ്‌കൃത വസ്തുക്കളും തീപിടിത്തത്തില്‍ കത്തിനശിച്ചു. ചേര്‍ത്തലയില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയാണ് തീയണച്ചത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. രണ്ടിടങ്ങളിലുമുണ്ടായ തീപിടിത്തങ്ങളില്‍ ചേര്‍ത്തല അഗ്നിശമനസേനയിലെ അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.പി.സന്തോഷ്, ലീഡിങ് ഫയര്‍മാന്‍ എം.എസ്. സന്തോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.