കാറ്റിലും മഴയിലും നാശനഷ്ടം

Tuesday 3 March 2015 10:36 pm IST

ഈരാറ്റുപേട്ട: ഇന്നലെ വൈകിട്ടുണ്ടായ വേനല്‍ മഴയിലും കാറ്റിലും ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടമുണ്ടായി. കാറ്റത്ത് മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളില്‍ വീണും ഇടിമിന്നലേറ്റ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഈരാറ്റുപേട്ടയിലും പരിസരപ്രദേശത്തും കനത്ത നാശനഷ്ടം. നടയ്ക്കല്‍ മുണ്ടക്കപ്പറമ്പ് വേലംതോട്ടില്‍ നൗഷാദിന്റെ വീടിനു മുകളിലേയ്ക്ക് തേക്ക് മരം വീണ് വീട് ഭാഗീഗമായി തകര്‍ന്നു. നിരവധി മരങ്ങള്‍ ഒടിഞ്ഞു വീണു. നടയ്ക്കല്‍ കരാക്കാട് റോഡില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. ഫയര്‍ ഫോഴ്‌സെത്തി മരം വെട്ടമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.. പ്രദേശത്ത് മരം ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി. പൊന്‍കുന്നം: കൊപ്രാക്കളം ആദത്താംകുന്നേല്‍ അച്ചാമ്മ മോനിച്ചന്റെ വീട് മരം വീണ് തകര്‍ന്നു. തിങ്കളാഴ്ച ഉണ്ടായ മഴയില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീഴുകയായിരുന്നു. മേല്‍ക്കൂരയ്ക്കും ഭിത്തിക്കും ഭാഗിക നാശം സംഭവിച്ചു. എരുമേലി: ഇടിമിന്നലേറ്റ് വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. മണിപ്പുഴ സ്വദേശി ചാലില്‍ സജിയുടെ വീടിന്റെ പിറകു വശത്തെ സംരക്ഷണഭിത്തിയാണ് പൂര്‍ണമായും തകര്‍ന്നത്. ഇത് കരിങ്കല്‍ ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നതാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പെയ്ത ചെറിയ മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് സംരക്ഷണഭിത്തി തകര്‍ന്നത്. ഇതോടൊപ്പം വീടിന്റെ വയറിങും മുഴുവനായും തകര്‍ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന്‍ മണ്ഡപത്തില്‍, കെ.ആര്‍. രാജേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.