പ്രകൃതിയുടെ താളലയം

Thursday 5 March 2015 12:45 am IST

മനുഷ്യന്റെ വര്‍ദ്ധിച്ച സ്വാര്‍ത്ഥതമൂലം അവന്‍ സ്വയം ശവക്കുഴി തോണ്ടുകയാണ്. നില്ക്കുന്നിടം കുഴിച്ച് അതിലേക്കു വീഴുന്നു. അതവന്‍ മനസ്സിലാക്കുന്നില്ല. ഭക്ഷണമോ സമ്പത്തോ ആയിക്കൊള്ളട്ടെ ഇരട്ടിക്കുവേണം, ഇരട്ടിക്കുവേണം എന്ന് ഒരുവന്‍ ചിന്തിക്കുമ്പോള്‍ അതുമൂലം അവന്‍ മറ്റുള്ളവരുടേത് അപഹരിക്കുകയാണു ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് ആവശ്യത്തിനുപോലും തികയാതെ വരുന്നു. ഇങ്ങനെയുള്ളവര്‍ക്കു ജിവിക്കുമ്പോഴും ശാന്തിയില്ല, മരിച്ചു കഴിഞ്ഞാലും ശാന്തി കിട്ടില്ല. ജീവിക്കുമ്പോള്‍ അവന്‍ നരകത്തില്‍ മരിക്കുമ്പോള്‍ കൊടുംനരകത്തില്‍. സ്വാര്‍ത്ഥത നിറഞ്ഞ, വിശാലതയും സത്യസന്ധതയും നഷ്ടമായ മനുഷ്യന്റെ ശ്വാസോച്ഛ്വാസംകൊണ്ടു നിറഞ്ഞ പ്രകൃതിയുടെ താളലയം നഷ്ടമായി. മഴയെങ്കില്‍ മഴമാത്രം, വെയിലെങ്കില്‍ വെയിലുമാത്രം. കൃഷികളൊന്നും വേണ്ടരീതിയില്‍ നടക്കുന്നില്ല. പ്രകൃതിയെ സംരക്ഷിക്കേണ്ടതു മനുഷ്യന്റെ ധര്‍മ്മമാണ്. പക്ഷേ, അതിലിന്നാര്‍ക്കു ശ്രദ്ധയുണ്ട്. ഇപ്പോഴത്തെ നമ്മുടെ സുഖം മലര്‍ന്നുകിടന്നു തുപ്പുന്നതിനു തുല്യമാണ്. ഇനിയും നമ്മള്‍ സ്വാര്‍ത്ഥതമൂലം ധര്‍മ്മം കൈവെടിഞ്ഞാല്‍ പ്രകൃതിക്കു ദ്രോഹം ചെയ്താല്‍ അനുഭവിക്കേണ്ട ഭവിഷ്യത്ത് ഇന്നുള്ളതിന്റെ പതിന്മടങ്ങായിരിക്കും. അപ്പോഴും നമ്മള്‍ ഈശ്വരനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും. നന്നാകാന്‍ ശ്രമിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.