നിര്‍ഭയയെ കൊന്നയാളുടെ അഭിമുഖം; സംപ്രേഷണത്തിന് കോടതി വിലക്ക്

Thursday 5 March 2015 1:17 am IST

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയായ മുകേഷ്‌സിങിന്റെ വിവാദ അഭിമുഖം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും വാര്‍ത്താമാധ്യമങ്ങളെ കോടതി വിലക്കി. മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പെണ്‍കുട്ടിയെപ്പറ്റി പ്രതി നടത്തിയ മോശം പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിനു കാരണമായതോടെയാണ് കോടതിയുടെ ഇടപെടല്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ദല്‍ഹി പട്യാലഹൗസ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് സംപ്രേഷണം ചെയ്യുന്നതിനായി ബിബിസി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞ കോടതി അഭിമുഖം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും വിലക്കി. കോടതി ഉത്തരവ് വരുന്നതിനു മുമ്പു തന്നെ മുകേഷ്‌സിങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് രാജ്യത്തെ ചാനലുകളോട് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രോഗ്രാമിംഗ് കോഡുകളുടെ ലംഘനമാണ് ബിബിസി നടത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ബിബിസി വിവാദ അഭിമുഖം നടത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അനുമതി ഉപയോഗിച്ച് നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് കാട്ടി ബിബിസിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2013ല്‍ മുന്‍സര്‍ക്കാര്‍ നല്‍കിയ അനുമതി ഉപയോഗിച്ച് ചിത്രീകരിച്ച അഭിമുഖം ഇപ്പോഴവര്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുകയാണ്. വനിതകള്‍ക്കെതിരെ ഇത്രയും മോശം ഭാഷ ഉപയോഗിച്ചയാളുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനെതിരെയാണ് സര്‍ക്കാര്‍ നോട്ടീസ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ബിബിസി നടത്തിയ അഭിമുഖം കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമായേക്കുന്നതാണെന്നും വാര്‍ത്താവിതരണ സഹമന്ത്രിയായ റാത്തോഡ് പറഞ്ഞു. സമൂഹത്തില്‍ ഭയം ഉണ്ടാക്കുന്നതിനു മാത്രമേ അഭിമുഖം ഉപകരിക്കൂ. ജനാധിപത്യത്തിന്റെ നാലുതൂണുകളിലൊന്നായ മാധ്യമങ്ങള്‍ ഭരണഘടനയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികളാണ് കൈക്കൊള്ളേണ്ടത്. ബിബിസി അഭിമുഖം ഏറ്റെടുത്ത് കാണിക്കാതെ മാധ്യമങ്ങള്‍ സഹകരിക്കണമെന്നും റാത്തോഡ് പറഞ്ഞു. സ്ത്രീകളേപ്പറ്റി പുരുഷന്മാരുടെ കാഴ്ചപ്പാടാണ് ഡോക്യുമെന്ററിയിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന്‍ വിശദീകരിച്ചു. എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മുകേഷ്‌സിങിനെ അഭിമുഖം ചെയ്തത്. തിഹാല്‍ ജയില്‍ മേധാവിക്ക് അപേക്ഷിക്കുകയും അവര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങി തനിക്ക് അഭിമുഖത്തിന് അവസരം നല്‍കുകയും ചെയ്തു. ഇതില്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. 2013മെയിലാണ് ഇക്കാര്യം ഉന്നയിച്ച് അപേക്ഷിച്ചതെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അനുമതി ലഭിച്ചതായും ലെസ്‌ലി ഉഡ്വിന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.