വസന്തകാലത്തെ എതിരേല്ക്കാന് ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം.
ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോള്‍ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുന്‍പന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവര്‍ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ഫെബ്രുവരിയുടെ അവസാനമോ മാര്‍ച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൗര്‍ണമിയാണ് ഹോളി. പൂര്ണചന്ദ്രന് ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ഥ ഹോളി ദിവസം. 2008ലെ ഹോളി മാര്‍ച്ച് 22നാണ്. (2007ലെ ഹോളി മാര്‍ച്ച് മൂന്നിനായിരുന്നു. ഹോളികയെ ജ്വലിപ്പിക്കല്‍ മാര്‍ച്ച് 4നും ധുലന്ദി (നിറങ്ങളുടെ ആഘോഷം) മാര്‍ച്ച് 5നും ആയിരുന്നു.)
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കര്‍ഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട് അതു പൂര്‍ണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: