രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

Thursday 5 March 2015 10:03 pm IST

തിരുവനന്തപുരം : ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നടത്തുന്ന കന്നി നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും. വിവാദ വിഷയങ്ങള്‍ കത്തിനില്‍ക്കവേ തുടങ്ങുന്ന സമ്മേളനത്തെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാമിന് ഭരണകക്ഷിയും പോലീസും നല്‍കുന്ന സഹായവും സൗകര്യവും സഭയില്‍ കോളിളക്കം സൃഷ്ടിക്കും. അതോടൊപ്പം ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണി ആരോപിതനായിരിക്കെ നടക്കുന്ന ബജറ്റ് സമ്മേളനം സംഘര്‍ഷഭരതിമാകുമെന്നുറപ്പ്. കെ.എം. മാണിയെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുകയാണ്. ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മാണിയെ തടയുമെന്ന് യുവമോര്‍ച്ചയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 13നാണ് ബജറ്റ് അവതരണം. ബജറ്റവതരണം തടയുന്നതിന് എന്ത് തന്ത്രം പ്രയോഗിക്കണമെന്നടക്കമുള്ള സമ്മേളനകാലത്തെ നീക്കങ്ങളെങ്ങനെ എന്നാലോചിക്കാന്‍ ഇന്ന് ഇടതുമുന്നണിയോഗം ചേരുന്നുണ്ട്. പ്രതിപക്ഷ തന്ത്രത്തെക്കുറിച്ച് എത്തും പിടിയുമില്ലാതെ നില്‍ക്കുകയാണ് ഭരണപക്ഷം. മദ്യനയത്തിലെ പാളിച്ചയും ബാലകൃഷ്ണപിള്ളയുടെ പിണക്കവും അഴിമതി ആരോപണങ്ങളുമെല്ലാം ഭരണ മുന്നണിക്ക് തലവേദനയാണ്.പ്രതിപക്ഷത്തും പ്രശ്‌നങ്ങള്‍ നിരവധി. അതിനാല്‍ തന്നെ ഒരു അഡ്ജസ്റ്റുമെന്റ് പ്രകടനം ആഗ്രഹിക്കുമെങ്കിലും അത് നടക്കാന്‍ സാധ്യതയില്ല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ചയും സിപിഐയും നിയമസഭാകക്ഷിനേതാവ് സി. ദിവാകരനുമായുള്ള വിടവുമൊക്കെയാണിതിന് തടസ്സം. 'പാര്‍ട്ടി മനസ്സാണ് വിഎസിനെന്ന്' സിപിഎം വിലയിരുത്തി പ്രമേയം പാസ്സാക്കിയശേഷം ചെരുന്ന സമ്മേളനം കൂടിയാണിത്. പ്രതിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ ഭരണകക്ഷിക്ക് ലഭിക്കുന്ന ഒന്നാന്തരം അവസരമാണെങ്കിലും അത് മുതലാക്കാന്‍ ഭരണകക്ഷിക്കാവില്ല. പ്രതിപക്ഷത്തിന്റെ ശബ്ദം ഭരണകക്ഷിയില്‍ നിന്നും തന്നെ ഉയരുമെന്നതാണത്. കഴിഞ്ഞ സമ്മേളനം പിരിഞ്ഞത് മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസില്‍ നടമാടുന്ന അഴിമതിക്കഥകള്‍ കേട്ടുകൊണ്ടായിരുന്നു. കെ. ബി. ഗണേഷ്‌കുമാറാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് യുഡിഎഫ് നിയമസഭാ കക്ഷിയില്‍ നിന്നും ഗണേശിനെ ഒഴിവാക്കുകയാണ് ചെയ്തത്. എന്നാല്‍ ഗണേശ്കുമാര്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിച്ചതുമില്ല. നാഷണല്‍ ഗെയിംസാണ് സഭയില്‍ കത്തിക്കയറാവുന്ന മറ്റൊരു വിഷയം. ഗെയിംസ് നടത്തിപ്പില്‍ വന്‍ അഴിമതി നടന്നതായുള്ള ആരോപണം സജീവമാണ്. തട്ടിപ്പും വെട്ടിപ്പും നടന്നുവെന്ന് പ്രതിപക്ഷം മാത്രമല്ല ഭരണകക്ഷിനേതാക്കള്‍പോലും പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ ഇതും മുഖ്യവിഷയമാണ്. അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കാന്‍ സാധ്യമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും രാവിലെ 9നാണ് ഗവര്‍ണറുടെ പ്രസംഗം. ഏപ്രില്‍ 9വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. 9, 10, 11 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. 12ന് ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പുമാണ്. 16, 17, 18 തീയതികളില്‍ ബഡ്ജറ്റിനെക്കുറിച്ച് പൊതുചര്‍ച്ച നടക്കും. 19ന് 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ പരിഗണിക്കും. 23ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 24ന് 2015ലെ ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്‍ പരിഗണനയ്‌ക്കെടുക്കും. 11 ദിവസം നിയമനിര്‍മ്മാണത്തിനാണ് രണ്ട് ദുവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും നീക്കിവച്ചിട്ടുണ്ട്. സിപിഎം നേതാവും തളിപ്പറമ്പ് എംഎല്‍എയുമായ ജെയിംസ് മാത്യു ആത്മഹത്യാ പ്രേരണാകുറ്റത്തിന് ജയിലിലാണ്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ബാംഗ്ലൂരില്‍ ചികിത്സയിലുമാണ്. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനാവും നടപടികള്‍ നിയന്ത്രിക്കുക. ഗവര്‍ണറെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണറെ ആനയിക്കാന്‍ എത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.