പ്രേമത്തില്‍ ജീവിച്ച് പ്രേമത്തില്‍ അവസാനിപ്പിക്കാനുള്ളതാണ് ജീവിതം: അമ്മ

Thursday 5 March 2015 10:06 pm IST

താനൂര്‍: പ്രേമത്തില്‍ ജീവിച്ച് പ്രേമത്തില്‍ അവസാനിപ്പിക്കാനുള്ളതാണ് ജീവിതമെന്ന് അമ്മ. ഭാരതപര്യടനത്തിന്റെ ഭാഗമായി താനൂരിലെത്തിയ അമ്മ ഭക്തജനങ്ങളോട് സംസാരിക്കുകയായിരുന്നു. പഴയ ആളുകള്‍ പറഞ്ഞിരുന്നത് മാതാ പിതാ ഗുരു ദൈവം എന്നാണ്. പക്ഷേ ഇന്ന് മദ്യം കാമം മദിരാശി എന്നിങ്ങനെയാണ് പറയുന്നത്. വിദ്വേഷ വൈറസ് നമ്മളെ പിടികൂടിയിരിക്കുകയാണെന്നും അതിനുള്ള മറുപടി കാരുണ്യവും സ്‌നേഹവുമാണെന്നും അമ്മ പറഞ്ഞു. പ്രകൃതിയെപ്പറ്റി നാം ബോധവാന്‍മാരാകണം. നമ്മുടെ വീടുകളില്‍ വിഷുകൈനീട്ടം കൊടുക്കുമ്പോള്‍ ഒരു വൃക്ഷതൈ കൂടി കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം വിഷമയമാണ്. വിദ്വേഷങ്ങളില്‍ നിന്നും പുറത്ത് വന്ന് സന്തോഷവാന്മാരായി ജീവിക്കുമ്പോള്‍ ജീവിതം പൂര്‍ണ്ണമാകുന്നു. ചിട്ടനിഷ്ഠാനങ്ങള്‍ ബോധോദയത്തെ വളര്‍ത്തും. ധ്യാനവും നല്ല കര്‍മ്മങ്ങളും ചെയ്താല്‍ ഉണര്‍വുണ്ടാകും. സമൂഹത്തിലിറങ്ങി സേവന പ്രവര്‍ത്തനം നടത്തണം. വിട്ടുവീഴ്ച ഉണ്ടായാലെ മുന്നോട്ട് പോകുവാനാകു. പരസ്പരം മനസിലാക്കി പോയില്ലെങ്കില്‍ കുടുംബജീവിതം തന്നെ അപകടത്തിലാകും. നല്ല വാക്ക്, പുഞ്ചിരി എന്നിവ നമ്മളെ പ്രകാശപൂര്‍ണമാക്കുന്നു. പ്രേമത്തില്‍ ജീവിച്ച് പ്രേമത്തില്‍ അവസാനിപ്പിക്കാനുള്ളതാണ് ജീവിതം. സ്‌നേഹം നമ്മുടെ സ്വരൂപമാണ്. അതിനെ വളര്‍ത്തിയെടുക്കണം. അമ്മ കൂട്ടിച്ചേര്‍ത്തു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, മന്ത്രി എ.പി. അനില്‍കുമാര്‍, മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ, തിരൂര്‍ മജിസ്‌ട്രേറ്റ് വൈദ്യനാഥ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.