ജനറല്‍ ആശുപത്രിയില്‍ പുതിയ ഐസിയു ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

Sunday 8 March 2015 5:48 pm IST

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ പണി പൂര്‍ത്തിയാക്കിയ പുതിയ തീവ്രപരിചരണ വിഭാഗം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫിയാബീവി അദ്ധ്യക്ഷത വഹിച്ചു. പഴയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം തീവ്രപരിചരണ വിഭാഗം പരിഷ്‌കരിച്ച് നിര്‍മ്മിച്ച 12 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീദേവി അറിയിച്ചു. ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ആശ്വാസമായി പുതുതായി അനുവദിച്ച 10 കിടക്കകളോടുകൂടിയ കാരുണ്യ ഡയാലിസിസ് യൂണിറ്റിന് സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു. ഭരണാനുമതിയായ യൂണിറ്റിന് പനിവാര്‍ഡിനോടു ചേര്‍ന്നാണ് സ്ഥലം അനുവദിക്കുക. പുതിയ ഒപി ബ്ലോക്കിന് നിര്‍മ്മിതികേന്ദ്രം തയ്യാറാക്കിയ 117 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഈ തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. പഴയ മെഡിക്കല്‍ കോളേജിന്റെ സി തിയേറ്ററിന് സമീപം ബ്ലഡ് ബാങ്കിന് സ്ഥലം അനുവദിക്കും. ടി.എന്‍. സീമ എംപി നല്‍കിയ ഫണ്ട് ഉപയോഗിച്ച് ഒപി വെയിറ്റിങ് ഏരിയ നിര്‍മ്മിക്കുന്നതിന് ഗുണഭോക്തൃ സമിതി രൂപവത്കരിക്കും. 10 ലക്ഷം രൂപയാണ് ഇതിന് എംപി ഫണ്ട് അനുവദിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറയും ആശുപത്രിയില്‍ ഇന്റര്‍കോമും സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആറുലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി യൂറോളജി വിഭാഗം ആരംഭിക്കും. ഇതിന് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. യൂറോളജി വിഭാഗം കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ള ഡോക്ടര്‍ നിലവിലുണ്ട്. അദ്ദേഹത്തിന്റെ ഒപി ആരംഭിക്കാനും ഓപ്പറേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. കെഎംഎസ്‌സിഎല്‍ അനുവദിച്ച 400 എംഎ എക്‌സ്-റേ മെഷീന്‍ റേഡിയോളജി വിഭാഗത്തില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികള്‍ പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ എസ്റ്റിമേറ്റ് പ്രകാരം ചെയ്യാന്‍ അനുമതി നല്‍കി. എക്‌സ് റേ യൂണിറ്റിലേക്ക് ഓട്ടോമാറ്റിക് ഡ്രയര്‍ വാങ്ങും. പുതിയ കാന്റീന്‍ ആരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ കോഫീ ഹൗസ് അധികൃതരുമായി ചര്‍ച്ച നടത്താനും തീരുമാനമായില്ലെങ്കില്‍ കുടുംബശ്രീയെക്കൊണ്ട് നടത്തുന്ന കാര്യം ആലോചിക്കാനും സൂപ്രണ്ടിനെച്ചുമതലപ്പെടുത്തി. ജില്ലാ കളക്ടറുടെ ഇന്നവേറ്റീവ് ഫണ്ടില്‍ നിന്നുള്ള 5.75 ലക്ഷം രൂപയുടെ ഒരു ഭാഗം  ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി ആകെ വിലയുടെ 10 ശതമാനം എച്ച്എംസിയില്‍ നിന്ന് നല്‍കും. ആശുപത്രിയില്‍ നിന്ന് വിരമിക്കുന്ന വിദഗ്ധരായ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം തുടര്‍ന്നും താത്കാലികാടിസ്ഥാനത്തില്‍ ലഭ്യമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.