അര്‍ച്ചാവതാരം

Sunday 8 March 2015 5:54 pm IST

''ആദാവൃഷ്യാദികം ന്യാസഃ കരശുദ്ധിസ്തതഃ പരം അംഗുലിവ്യാപകന്യാസൗ ഹൃദാദിന്യാസ ഏവ ച താളത്രയഞ്ച ദിഗ്ബന്ധഃ പ്രാണായാമസ്തതഃപരം ധ്യാനം പൂജാ ജപശ്ചൈവ സര്‍വ്വതന്ത്രേഷ്വയം വിധിഃ'' എന്നു പൂജയുടെ സാമാന്യസ്വരൂപത്തെക്കുറിച്ചു തന്ത്രസാരത്തില്‍ വിവരിച്ചിരിക്കുന്നു. സ്‌നാനം സന്ധ്യാവന്ദനം മുതലായവ കഴിഞ്ഞു പൂജയ്‌ക്കൊരുങ്ങുന്ന പൂജകന്‍ ആദ്യമായി ഇഷ്ടദേവതാമന്ത്രത്തിന്റെ ഋഷി, ഛന്ദസ്സ്, ദേവത ഇവയെ ശരീരത്തില്‍ ന്യസിക്കണം. ഋഷി ശിരസ്സിലും ഛന്ദസ്സ് മുഖത്തിലും ദേവത ഹൃദയത്തിലും ആണ് ന്യസിക്കപ്പെടേണ്ടത്. മന്ത്ര ഭ്രഷ്ടാവാണ് ഋഷി. ഏതു ഇഷ്ടദേവതയെയാണോ പൂജിക്കുന്നത് ആ ദേവതയുടെ മൂലമന്ത്രത്തിന്റെ ഭ്രഷ്ടാവാണ് ന്യാസാര്‍ഹനായ ഋഷി. വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ പല മഹാത്മാക്കളും മന്ത്രഭ്രഷ്ടാക്കളായ ഋഷികളാണ്. അതുകൊണ്ട്, അവര്‍ ആവിഷ്‌ക്കരിച്ച മന്ത്രം ജപിക്കുന്നതിനുമുമ്പ് പുജകന്‍ അവരെ ഭക്തിപൂര്‍വ്വം സ്മരിച്ച് ശിരസ്സിലും, ആ മന്ത്രത്തിന്റെ ഛന്ദസ്സിനെ അക്ഷരാത്മകത്വം നിമിത്തം മുഖത്തും, ആ മന്ത്രദേവതയെ ജ്ഞേയത്വം നിമിത്തം ഹൃദയത്തിലും ധരിക്കുന്നു എന്നതാണു ഋഷ്യാദിന്യാസത്തിന്റെ ഉദ്ദേശ്യം. ഋഷേര്‍ഗുരുത്വാച്ഛിരസി വര്‍ണ്ണത്വാച്ഛന്ദസോ മുഖേ ധാരണം പ്രോച്യതേ ദേവി! യേജ്ഞത്വാദ്ദേവതാ ഹൃദി എന്ന മേരുതന്ത്രം ഇതിനു പ്രമാണമാണ്. പിന്നീടു കരശുദ്ധി, അംഗുലിന്യാസം, വ്യാപകന്യാസം, ഹൃദയാദിന്യാസം, താളത്രയം, ദിഗ്ബന്ധം, പ്രാണായാമം മുതലായവയാണ് നടത്തേണ്ടത്. ആ വക വിഷയങ്ങള്‍ ഗ്രന്ഥവിസ്താരഭയംകൊണ്ടും ഗുരുമുഖത്തില്‍നിന്നറിയേണ്ടതാണെന്നു കരുതിയും ഇവിടെ വിവരിക്കുന്നില്ല. പിന്നീടു വിധിയനുസരിച്ച് ധ്യാനം, ഉപചാരസമര്‍പ്പണം, ജപം ഇവയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ഓരോ ഇഷ്ടദേവതയ്ക്കും ധ്യാനം വിധിച്ചിട്ടുണ്ട്. ആ ദേവതയെ ധ്യാനിച്ചു പ്രതിമാദികളില്‍ ആവാഹിച്ചിരുത്തി പാദ്യാദി ഉപചാരങ്ങളര്‍പ്പിക്കുകയാണ് പൂജാവിധാനത്തിന്റെ ക്രമം. ആവാഹനം എന്നതിനു ആമന്ത്രണം എന്നാണര്‍ത്ഥം. ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കിലും ഹൃദയത്തില്‍ക്കൂടിയാണ് നാം അവിടുത്തെ സാക്ഷാല്‍ക്കരിക്കുക. അതുകൊണ്ട് ഈശ്വരനിവാസസ്ഥാനം ഹൃദയമാണെന്നു ശാസ്ത്രങ്ങളില്‍ കല്പിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വവ്യാപിയായ ഈശ്വരനെ ഹൃദയത്തില്‍ ദേവതാരൂപമായി ധ്യാനിച്ചു നാസികാദ്വാരത്തില്‍ക്കൂടി പ്രാണമാര്‍ഗ്ഗം വെളിയില്‍ വരുന്നതായി സങ്കല്‍പിച്ചു പ്രതിമാദികളില്‍ അധിവസിക്കുന്നതിനുവേണ്ടി ക്ഷണിക്കുന്നതിനെയാണ് ആവാഹനമെന്ന് പറയുന്നത് ആവാഹനം മുതല്‍ പൂജയുടെ ഉപചാരങ്ങളാണ്. സാധകം ദേവസാന്നിധിം ചാരയന്തി യതസ്തസ്മാദുച്യന്തേ ഹ്യൂപചാരകാഃ സമീപേ ചാരണാദ്വാപി ഫലാനാം തേ തഥോദിതം സാധകനെ- പൂജകനെ ദേവസന്നിധിയില്‍ എത്തിക്കുന്നതുകൊണ്ടും, പൂജാഫലത്തെ സാധകന്റെ സമീപത്തില്‍കൊണ്ടുവരുന്നതുകൊണ്ടും ആവാഹനം, ആസനം മുതലായവയ്ക്ക് ഉപചാരങ്ങള്‍ എന്നപേരു സിദ്ധിച്ചു എന്നാണ് പ്രസ്തുത 'ജ്ഞാനാമാലാ' വാക്യത്തിലെ സാരം. പൂജയില്‍ ഉപചാരസംഖ്യ മതഭേദമനുസരിച്ച് പലവിധത്തിലുണ്ട്. 1,5,6,8,10,12,16,24,32,36,64 ഇത്രയും സംഖ്യകള്‍ ഉപചാരത്തിനുണ്ടെന്ന്. ''ഏകം പഞ്ചമ ഷഷ്ഠാഷ്ടൗ ദശ ദ്വാദശ ഷോഡശ ചതുര്‍വ്വിംശതി സംഖ്യാകാ ദ്വാത്രിംശദ്ദ്വാ തതോളധികാഃ ഷട്ത്രിംശച്ച ചതുഃഷഷ്ടിരുപചാരാഃപ്രകീര്‍ത്തിതാഃ എന്ന ശ്ലോകത്തില്‍ക്കൂടി ഉപചാരദര്‍പ്പണത്തില്‍ വിവരിച്ചിട്ടുണ്ട്. വളരെച്ചുരുങ്ങിയതു ജലഗന്ധപുഷ്പ ധൂപദീപനൈവേദ്യങ്ങളാകുന്ന ആറുപചാരങ്ങള്‍കൊണ്ടു പൂജിക്കാം. എന്നാല്‍ സാധാരണയായി ഷോഡാശോപചാരപൂജയാണ് നടക്കുക. ആവാഹനം, ആസനം, പാദ്യം, ആര്‍ഘ്യം, ആചമനം, സ്‌നാനം, വസ്ത്രയജ്ഞോപവീതം, അനുലേപനം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, നമസ്‌ക്കാരം, പ്രദക്ഷിണം, ദക്ഷിണ ഇങ്ങനെ പതിനാറുപചാരങ്ങളാണ് അഗ്നിക ചന്ദ്രികയില്‍ വിവരിച്ചിരിക്കുന്നത്. ഋഗ്വിധാനത്തില്‍ ദക്ഷിണയുടെ സ്ഥാനത്ത് ഉദ്വാസനമാണു സ്വീകരിച്ചിരിക്കുന്നത് .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.