നിസാം കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

Monday 9 March 2015 7:54 pm IST

ചന്ദ്രബോസ് കൊലക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഐ.ജി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ വ്യവസായി നിസാമിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്നാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ചന്ദ്രബോസ് കൊലക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ഐ.ജി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രബോസ് ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയവെ അമിതതാത്പര്യമെടുത്ത് മുഖ്യമന്ത്രി സന്ദര്‍ശിക്കുകയുണ്ടായി.

കേസ് അട്ടിമറിക്കാനുള്ള ആദ്യ നീക്കമായിരുന്നു അത്. അന്നത്തെ സാഹചര്യത്തില്‍ ഇത് ചൂണ്ടിക്കാണിക്കാനാകുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇത് വ്യക്തമാക്കുന്നു. ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം നഷ്ടപ്പെട്ടതിന് ആശുപത്രി അധികൃതരെയാണ് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തിയത്. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ചെന്നിത്തല.

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യവും അവഗണിക്കപ്പെടുന്നു. കേസില്‍ സംസ്ഥാന പോലീസ് മേധാവിക്കെതിരെ ചീഫ് വിപ്പ് തന്നെ തെളിവ് പുറത്ത് വിട്ടിട്ടും അന്വേഷണമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തില്‍ സിപിഎം ഒളിച്ചുകളിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അധ്യക്ഷത വഹിച്ചു. മധ്യമേഖലാ പ്രസിഡണ്ട് ടി.ചന്ദ്രശേഖരന്‍ സമാപന പ്രസംഗം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.