കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ എസ്പിക്കെതിരെ നടപടിയില്ല

Monday 9 March 2015 8:30 pm IST

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ എസ്പിക്കെതിരെ നടപടിയില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.വി. രാജേന്ദ്രനെയാണ് ഒരുമാസം മുമ്പ് പത്തനംതിട്ട സ്വദേശിയായ ട്രാഫിക്കില്‍ സേവനം ചെയ്യുന്ന എസ്പി ടെലിഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. കൃഷ്ണപിള്ള സ്മാരക കേസ് അന്വേഷണം ശരിയായ ദിശയിലേക്ക് പുരോഗമിക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: രാജേന്ദ്രന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല. പരാതി അടിസ്ഥാനമില്ലാത്തതെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വാങ്ങി തുടര്‍ നടപടി അവസാനിപ്പിക്കുകയായിരുന്നു. മുന്‍പ് ആലപ്പുഴയില്‍ ജില്ലാപോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിച്ചിട്ടുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഇടപെടലാണ് എസ്പിക്കെതിരെയുള്ള പരാതി ഒതുക്കിത്തീര്‍ക്കാന്‍ കാരണമെന്നും പോലീസുകാര്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൃഷ്ണപിള്ള കേസില്‍ സിപിഎമ്മുകാരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസിലെ ഒരുവിഭാഗം നിരന്തരം ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ തൃക്കുന്നപ്പുഴ സ്വദേശിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെയും കുടുംബത്തെയും തൃക്കുന്നപ്പുഴ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും യാതൊരു നടപടിയുമുണ്ടായില്ല.കേസിലെ സാക്ഷിയെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ക്രൈംബ്രാഞ്ച് എഎസ്‌ഐയെ മേലധികാരികള്‍ അവസാന നിമിഷം വരെ സംരക്ഷിച്ചെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. സിപിഎമ്മുകാരായ പ്രതികളുമായി മുഹമ്മ കണ്ണര്‍കാട് തെളിവെടുപ്പിനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ ചിലര്‍ പോലീസ് സാന്നിദ്ധ്യത്തില്‍ ഭീഷണിപ്പെടുത്തിയതിനെതിരെ മാരാരിക്കുളം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. സ്മാരകം കത്തിച്ച കേസ് തുടക്കത്തില്‍ അന്വേഷിച്ച സിഐയും ഡിവൈഎസ്പിയും തെളിവുകള്‍ തെളിവുകള്‍ നശിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ചിങ്ങവനത്തെ ഒരു മരം വെട്ടു തൊഴിലാളിയുടെ പേരിലെടുത്തതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ചന്ദ്രബോസ് വധക്കേസില്‍ പ്രതിയും പോലീസുമായുള്ള അവിശുദ്ധ ബന്ധത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയവര്‍ കൃഷ്ണപിള്ള കേസിലെ പ്രതികളും പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂട്ടുകെട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭരണ-പ്രതിപക്ഷങ്ങളുടെ താത്പര്യമില്ലായ്മയും സേനയില്‍ നിന്ന് തന്നെയുള്ള ഭീഷണിയും കാരണം കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് അന്വേഷണം പാതിവഴിയില്‍ നിലച്ചുകഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.