കോഴിക്കോട്ട് രണ്ട് വാഹനാപകടങ്ങളിലായി നാല് ബൈക്ക് യാത്രക്കാര്‍ മരിച്ചു

Monday 9 March 2015 9:15 pm IST

കോഴിക്കോട്: കോഴിക്കോട്ട് നഗരത്തില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് ബൈക്ക് യാത്രക്കാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പാവങ്ങാട് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് പേരും മൂഴിക്കലില്‍ ട്രെയിലര്‍ ലോറി സ്‌കൂട്ടറിലിടിച്ച് ഒരാളുമാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് പാവങ്ങാട് ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം ടാങ്കര്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. മംഗലാപുരത്ത് നിന്നും കൊച്ചിയ്ക്ക് പോവുകയായിരുന്ന കെ എ 21 സി 6977 നമ്പര്‍ ടാങ്കര്‍ ലോറി പുതിയനിരത്ത് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 11 എ ബി 8017 നമ്പര്‍ ബജാജ് പള്‍സര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ യാത്രചെയ്തിരുന്ന പുതിയനിരത്ത് തേവര്‍കാവില്‍ ഹൗസില്‍ സദാശിവന്റെ മകന്‍ അനൂപ്(23) സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയ നിരത്ത് തെക്കെപൊയില്‍ അശോകന്റെ മകന്‍ രൂപേഷ് (22), പുതിയനിരത്ത് ചെട്ടികുളം ബസാര്‍ വലിയാറമ്പത്ത് സുന്ദരന്റെ മകന്‍ ഷിബിന്‍ നന്ദന്‍ (24) എന്നിവര്‍ ഇന്നലെ പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. ടാങ്കര്‍ലോറി ഡ്രൈവറെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനൂപും, രൂപേഷും, ഷിബിനും സുഹൃത്തിന്റെ വിവാഹവീട്ടില്‍ നിന്ന് രൂപേഷിന് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. സദാശിവന്‍-പുഷ്പ ദമ്പതികളുടെ മകനായ അനൂപ് കല്‍പ്പണിക്കാരനണ്. സഹോദരി ആന്‍സി. സൈറ്റ് സൂപ്പര്‍വൈസറാണ് രൂപേഷ്. അമ്മ ഭാര്‍ഗവി. സഹോദരി: രമ്യ. ഷിബിന്‍ ലിഫ്റ്റ് ടെക്‌നീഷ്യനായാണ് ജോലി നോക്കിയിരുന്നത്. അമ്മ: ഷീബ. സഹോദരന്‍: അബിന്‍(ദുബായ്). കോഴിക്കോട് നഗരത്തിനടുത്ത മൂഴിക്കലില്‍ ഇന്നലെ പുലര്‍ച്ചെ ചരക്ക് ലോറിയിടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ വെള്ളിമാട്കുന്ന് പൂളക്കടവ് പത്രോണിനഗറില്‍ കളത്തില്‍തൊടി ജോയിയുടെ മകന്‍ ജോബി(30)മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന ബന്ധുവും വാട്ടര്‍ അതോറിറ്റി പമ്പിംഗ് ഓപ്പറേറ്ററുമായ വിക്ടറി(45)ന് ഗുരുതരമായി പരുക്കേറ്റിറ്റുണ്ട്. ഷിമോഗയില്‍ നിന്ന് കാലടിയിലെ മില്ലിലേക്ക് നെല്ല് കയറ്റിവന്ന ഭീമന്‍ ട്രെയിലര്‍ മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിനെ ഇടിച്ച്‌തെറിപ്പിക്കുകയായിരുന്നു. ജ്യോതിയുടെ തലയിലൂടെ കയറിയിറങ്ങിയതിനുശേഷം ലോറി നിര്‍ത്താതെ പോയി. തൊണ്ടയാട്-പന്തീരങ്കാവ് ബൈപ്പാസില്‍ വെച്ച് ട്രാഫിക് സി ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ഹൈവേ പൊലീസ് ലോറി പിടികൂടി. ഡ്രൈവര്‍ ആസമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച ജ്യോതി. ഭാര്യ: അനു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.