റണ്‍വേ ഭാഗികമായി അടച്ചിടല്‍; ആശങ്കകള്‍ അനാവശ്യം

Monday 9 March 2015 10:00 pm IST

മലപ്പുറം: അറ്റകുറ്റപണികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ഭാഗികമായി അടച്ചിടുന്നത് സംബന്ധിച്ച് ആശങ്കകള്‍ അനാവശ്യം. വിമാനത്താവളം അടച്ചുപൂട്ടകയാണെന്ന രീതിയിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. വിമാനത്താവളത്തിന്റെ സമഗ്രമായ വികസനത്തിന് അറ്റകുറ്റപണികള്‍ നടത്തേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര ഹബ് പദവിയിലേക്ക് കരിപ്പൂര്‍ വിമാനത്താവളത്തെ ഉയര്‍ത്താനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലക്ഷ്യം. റണ്‍വേ വികസനം നടത്തുമ്പോള്‍ ചെറിയ നിയന്ത്രണം ആവശ്യമാണെന്നും ഇവിടെയും അത്തരത്തിലുള്ള നിയന്ത്രണം മാത്രമാണുള്ളതെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രവാസികളെ ഈ നിയന്ത്രണം ബാധിക്കുമെന്ന് ആരോപിച്ച് ഏതാനും സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫ് മലയാളികളില്‍ ഏറ്റവും കൂടുതല്‍ മലബാറുകാരാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ ഇവരുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഈ സത്യം മറച്ചുവെച്ചുകൊണ്ട് ചിലര്‍ കുപ്രചരണം നടത്തുകയാണ്. വിമാനത്താവളം സ്ഥിരമായി അടച്ചിടില്ലെന്നും റണ്‍വേയുടെ അറ്റകുറ്റപണികള്‍ക്കായി ചെറിയ നിയന്ത്രണം മാത്രമാണുള്ളതെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയടക്കം പറയുന്നു. നിജസ്ഥിതി അറിയാതെയുള്ള സമരകോലാഹലങ്ങള്‍ക്ക് ചെവികൊടുക്കാതെ റണ്‍വേ വികസനവുമായി മുന്നോട്ട് പോകാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. കരിപ്പൂര്‍ റണ്‍വേ റീ കാര്‍പ്പറ്റിംഗ് നടത്തിപ്പിന്റെ സുരക്ഷാ പരിശോധനകള്‍ വിദഗ്ദ സംഘം വിലയിരുത്തി. നിയന്ത്രണത്തിന് മുന്നോടിയായി കരിപ്പൂരില്‍ വന്നു പോവുന്ന വലിയ വിമാനങ്ങള്‍ സെക്ടര്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്. 480 സീറ്റുകളുള്ള റിയാദ് - കോഴിക്കോട് വിമാനം മേയ് ഒന്നു മുതല്‍ ഏറ്റവും അടുത്തുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു ഷെഡ്യൂള്‍ ചെയ്തു. കോഴിക്കോട് - ജിദ്ദ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ വിമാനവും ഇതേ വലുപ്പമുള്ളതാണ്. ബി 744 വിഭാഗത്തില്‍പ്പെടുന്ന ഈ വിമാനവും നെടുമ്പാശേരിയിലേക്കു മാറ്റി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കും. മെയ് മുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ചെറിയ വിമാനങ്ങള്‍ സമയ ഷെഡ്യൂള്‍ ക്രമീകരിച്ചാണ് റണ്‍വേ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നത്. എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് എയര്‍ എന്നിവ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തും. നിലവിലെ സാഹചര്യത്തില്‍ ഉച്ചക്ക് 12 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവൃത്തികള്‍ നടക്കുക. മുന്‍ വര്‍ഷത്തേക്കാളും 50 ശതമാനം ശക്തമാക്കിയാണ് റണ്‍വേ അറ്റകുറ്റപണി നടത്തുന്നത്. 300 മീറ്റര്‍ വീതം ദിവസവും ടാറിംഗ് നടത്തും. ആറു മണിക്കൂറിലെ പ്രവൃത്തിയില്‍ രണ്ട് മണിക്കൂറും റണ്‍വേ ബലപ്പെടുത്തനാണ് ഉപയോഗിക്കുക. ഇതിന് ശേഷം ഈ ഭാഗത്ത് വിമാനങ്ങള്‍ക്ക് വന്നിറങ്ങാനാകും. പ്രധാന  റണ്‍വേ ഭാഗികമായി അടക്കുമെങ്കിലും റീ കാര്‍പറ്റിംഗ് പ്രവൃത്തികള്‍ ജൂണിലാണ് ആരംഭിക്കുക. റണ്‍വേ പൊളിച്ചുള്ള നിര്‍മാണപ്രവൃത്തികള്‍ ജൂലൈയിലാരിക്കും തുടങ്ങുക. പ്രവൃത്തികള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിനായാണ് മെയ് മുതല്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വീസ് പിന്‍വലിക്കുന്ന വിമാനങ്ങള്‍ക്ക് പകരം ചെറിയവിമാനങ്ങള്‍ എത്തിക്കാനും വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബറില്‍ ആരംഭിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇപ്പോഴത്തെ സാഹചര്യം ഭീക്ഷണിയാകുമെന്നും, തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും ആരോപിച്ച് ഒരുകൂട്ടര്‍ രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ചിലവില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് മുറവിളി കൂട്ടണ്ടായെന്നാണ് മറുഭാഗത്തിന്റെ മറുപടി. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ പരസ്പരം വാക്കേറ്റം ആരംഭിച്ചിട്ടുണ്ട്. തീര്‍ത്ഥാടനം നടത്തുന്നവര്‍ ബാധ്യതകളൊക്കെ തീര്‍ത്ത് സ്വയം സമ്പാദിച്ച പണം ഉപയോഗിച്ചാണ് പോകേണ്ടത് അല്ലാതെ ആരുടെയും സൗജന്യത്തിലല്ലാ തീര്‍ത്ഥടനം നടത്തേണ്ടത് തുടങ്ങിയ വാദപ്രതിവാദങ്ങള്‍ ഉയരുന്നു. വിമാനത്താവളത്തിന്റെ വികസനത്തിനായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണവുമായി എല്ലാവരും സഹകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.