അഴീക്കല്‍ കപ്പല്‍പൊളി കേന്ദ്രത്തിന് ചട്ടം ലംഘിച്ച് ലൈസന്‍സ്

Monday 9 March 2015 10:15 pm IST

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കലില്‍ സില്‍ക് ഉടമസ്ഥതയിലുള്ള കപ്പല്‍പൊളി കേന്ദ്രത്തിന് ചട്ടം ലംഘിച്ച് ജില്ലാ ഭരണകൂടം ലൈസന്‍സ് നല്‍കി. ലൈസന്‍സ് ഇല്ലാത്തതിനാല്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ പൊളി കേന്ദ്രത്തിന്റെ  പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ 2014 ആഗസ്റ്റ് 21 ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പഞ്ചായത്തിന്റെയും ലൈസന്‍സ് ഇല്ലാതെ കമ്പനി പ്രവര്‍ത്തിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ് കലക്ടര്‍ പറഞ്ഞത്. എന്നാല്‍ ഈ തീരുമാനത്തെ മറികടന്ന് കൊണ്ടാണ് കപ്പല്‍പൊളി കേന്ദ്രത്തിന് ജില്ലാ ഭരണകൂടം ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. കപ്പല്‍പൊളി കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ജില്ലാ ഭരണകൂടം നേരിട്ട് കപ്പല്‍ പൊളികേന്ദ്രത്തിന് അനുമതി നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കപ്പല്‍ പൊളിശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് അഴീക്കല്‍ കപ്പല്‍പൊളി വിരുദ്ധസമിതി എട്ട് മാസത്തോളം പ്രദേശത്ത് സമരം ചെയ്തിരുന്നു. കപ്പല്‍ പൊളിക്കുന്നതിന് പ്രത്യേക പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാല്‍ അവശിഷ്ടങ്ങളില്‍ നിന്നുണ്ടാകുന്ന പെയിന്റും മറ്റ് വസ്തുക്കളും മണ്ണില്‍ കലരാന്‍ സാധ്യതയുണ്ടെന്നും മഴവെള്ളം വഴി മലിനീകരണത്തിന് സാധ്യതയുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഓയില്‍ കലര്‍ന്ന് മണ്ണ് കറുത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക പഠനത്തിന് ശേഷമാണ് കലക്ടര്‍ നേരത്തെ ലൈസന്‍സ് റദ്ദാക്കിയത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കെ പഞ്ചായത്തിനെ മറികടന്ന് കലക്ടര്‍ നേരിട്ട് അനുമതി കൊടുത്തതില്‍ ദുരൂഹതയുണ്ട്. കപ്പല്‍പൊളികേന്ദ്രം ആരംഭിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കേണ്ടത്.  ഇതിനുശേഷം പ്രദേശത്തെ ജനങ്ങളെ വിളിച്ചുചേര്‍ത്ത് സാധ്യതാപഠനം നടത്തിയശേഷം എന്‍വയണ്‍മെന്റല്‍ കഌയറന്‍സിന് അപേക്ഷ നല്‍കണം. അതിനുശേഷം മാത്രമെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളു. ഇതിനുശേഷം പഞ്ചായത്ത് കൂടി അനുവാദം നല്‍കിയാല്‍ മാത്രമെ ജില്ലാ ഭരണകൂടത്തിന് ലൈസന്‍സ് നല്‍കാന്‍ സാധിക്കുകയുള്ളു. പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഒരേപോലെ വിനാശകരമായ കപ്പല്‍പൊളി കേന്ദ്രങ്ങള്‍ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ അനുവദിക്കാന്‍ പാടില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ബാസില്‍ കണ്‍വെന്‍ഷന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കപ്പല്‍പൊളി എന്നത് കപ്പല്‍ നിര്‍മ്മാണത്തെക്കാള്‍ അപകടകരവും ശ്രമകരവുമായ ഒന്നാണ്. ഇരുപത്തിയഞ്ച് വര്‍ഷം മാത്രമാണ് ഒരു കപ്പല്‍ ഉപയോഗിക്കുന്നതിന് അനുവാദമുള്ളത്. ഇതിന് ശേഷം നിര്‍ബന്ധമായും പൊളിച്ച് കളയണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വികസിത രാജ്യങ്ങളില്‍ കപ്പല്‍ പൊളികേന്ദ്രങ്ങള്‍ക്ക് അനുവാദം നല്‍കാറില്ല. കപ്പല്‍ പൊളിക്കിടെ പുറംതള്ളപ്പെടുന്ന മെര്‍ക്കുറി, ആസ്ബസ്റ്റോസ്, ആഴ്‌സനിക്, ഡയോക്‌സിന്‍ മുതലായവ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ മാത്രമല്ല ഇത് ബാധിക്കുന്നത്. പ്രദേശത്തെ ജനങ്ങള്‍, ജീവജാലങ്ങള്‍, ജൈവപ്രകൃതി ഇവയെ ഒന്നാകെ ബാധിക്കും. തലമുറകളെ തന്നെ ബാധിക്കുന്ന ജനിതക വൈകല്യങ്ങളും വംശനാശവും ഇതിന്റെ പരിണിതഫലമാണ്. കേരളത്തിലെ പ്രമുഖനായ ഒരു മന്ത്രിയുടെ ഇച്ഛാനുസരണമാണ് വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ലൈസന്‍സ് നല്‍കിയതെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ കപ്പല്‍ പൊളി ശാലക്കെതിരായ സമരം ആരംഭിച്ചപ്പോള്‍ താന്‍ സമരക്കാര്‍ക്കൊപ്പമാണെന്ന് പറഞ്ഞ സ്ഥലം എംഎല്‍എ ഒരു ഘട്ടത്തിലും സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ സമരവുമായി സഹകരിക്കുകയോ ചെയ്തിരുന്നില്ല. സമരത്തിനെതിരെ നേരത്തെ സിപിഎം നേതൃത്വത്തില്‍ അഴീക്കലില്‍ പൊതുയോഗം നടത്തിയിരുന്നു. എന്നാല്‍ പ്രദേശത്ത് കപ്പല്‍പൊളി കേന്ദ്രത്തിനെതിരെ ജനകീയ സമരം ശക്തമായതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരായത്. ചട്ടം ലംഘിച്ച് അനുമതി നല്‍കിയതിനെതിരെ കപ്പല്‍പൊളി വിരുദ്ധസമിതി കലക്ടര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അനുമതി നിര്‍ത്തലാക്കുന്നതുവരെ സമരം നടത്താനാണ് സമരസമിതി നേതക്കളുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.