ബാര്‍ കോഴ: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Tuesday 10 March 2015 10:42 am IST

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ അടിയന്തരപ്രമേയത്തിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ട് പോവുകയാണെന്ന് സഭയെ അറിയിച്ചു. മന്ത്രിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മാണിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും അഴിമതി നടത്തിയ മന്ത്രി കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണ്. സര്‍ക്കാര്‍ വീഴുമെന്ന ഭയംകൊണ്ടാണ് മാണിക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുന്നത്. ജനങ്ങള്‍ മാണിയെ പൊതുനിരത്തില്‍ വിചാരണ ചെയ്യും. ഈ സാഹചര്യത്തിലെങ്കിലും സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്നും വി.എസ് ചോദിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എസ്. ശര്‍മ്മയാണ് പ്രമേയം പാസാക്കാന്‍ അനുമതി ചോദിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.