ഭൂമിയേറ്റെടുക്കല്‍ ബില്‍ ലോക്‌സഭ പാസാക്കി

Tuesday 10 March 2015 11:23 pm IST

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഭേദഗതികളോടെ ഭൂമിയേറ്റെടുക്കല്‍ ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികള്‍ സഭയില്‍ വോട്ടിനിട്ട് തള്ളിക്കളഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്‍ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ബോധ്യമായ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കേന്ദ്രഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദര്‍സിങ്ങാണ്  കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്മേല്‍ ഭേദഗതികള്‍ അവതരിപ്പിച്ചത്. വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷമാണ് ബില്ലില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നതെന്നും ഇനിയും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു. ഭൂമിയേറ്റെടുക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കും, വ്യാവസായിക ഇടനാഴിക്കായി റെയില്‍,ദേശീയപാതാ അരികുകളില്‍ ഭൂമിയേറ്റെടുക്കുന്നത് ഒരു കിലോമീറ്ററായി നിജപ്പെടുത്തും. വ്യാവസായിക ഇടനാഴിക്കായി ഭൂമിയേറ്റെടുക്കുന്നത് സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ ആയിരിക്കും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമുള്ള ഇളവുകള്‍ ഒഴിവാക്കും, പദ്ധതിക്കായി ഭൂമിയേറ്റെടുത്ത് അഞ്ചുവര്‍ഷത്തിനകം വ്യവസായം ആരംഭിച്ചില്ലെങ്കില്‍ ഭൂമി തിരികെ നല്‍കും, പരാതികള്‍ ജില്ലാതലങ്ങളില്‍ കേള്‍ക്കുന്നതിന് സമിതി, കൃഷിഭൂമിയേറ്റെടുക്കല്‍ പരമാവധി ഒഴിവാക്കുക, ഒഴിഞ്ഞ സ്ഥലങ്ങള്‍ ഏറ്റെടുത്ത് വികസനപദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ ലാന്റ്ബാങ്ക് രൂപീകരിക്കുക തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്രസര്‍ക്കാരിന്റെ സഖ്യകക്ഷിയായ ശിവസേന ബില്ലിനെ പിന്തുണയ്ക്കാതെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പ്രതിപക്ഷ കക്ഷികളായ ബിജെഡി, ടിആര്‍എസ് എന്നിവര്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. ഇതേ രീതിയില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച് സഭ വിടുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും തുടര്‍ന്നേക്കാം. കര്‍ഷക അനുകൂല വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് ഭൂമിയേറ്റെടുക്കല്‍ ബില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.