ബ്രഹ്മം നിര്‍ഗുണം

Wednesday 11 March 2015 9:21 pm IST

മനസ്സ് മനസ്സല്ലാതാകുന്ന അവസ്ഥയാണ് പരിശുദ്ധിയുടെ പരമകാഷ്ഠ. അതായത് മനസ്സ് ശുദ്ധ സത്യത്തിന്റെ നില ആര്‍ജ്ജിക്കുന്ന അവസ്ഥ. ശുദ്ധ സത്യത്തിന്റെ മേഖലയില്‍ എത്തുമ്പോള്‍ മാത്രമാണ് ഒരുവനു പരമഭക്തിയും പരമജ്ഞാനവും ഈശ്വരനോടുള്ള പരമോല്‍കൃഷ്ടമായ ഭാവവും ഉദിക്കുന്നത്. ഇവ മൂന്നും ഒരുവനില്‍ സംയോജിക്കുമ്പോള്‍ ഈശ്വരനുമായി അതിവേഗം സാദ്മ്യം പ്രാപിക്കുന്നു. ആദ്ധ്യാത്മിക സംസ്‌കാരങ്ങളാല്‍ അനുഗൃഹീതതരായവര്‍ക്ക് പെട്ടെന്നു ഉണര്‍വും പുരോഗതിയും ലഭിക്കുന്നു. നിങ്ങള്‍ക്ക് നല്ല സംസ്‌കാരങ്ങളില്ലെന്നു പറയരുത്. ഉന്നത സംസ്‌കാരങ്ങളുടെ വേര് നിങ്ങളില്ലായിരുന്നെങ്കില്‍ അമ്മയുടെ സവിധത്തിലെത്തുമായിരുന്നില്ല. ദേവിയുടെ പുണ്യദര്‍ശനം ലഭ്യമാകുകയില്ല. ഈശ്വരന്‍ സന്ദര്‍ഭം വരുമ്പോള്‍ അവതാരം സ്വീകരിക്കുന്നതാണ്. ബ്രഹ്മം നിര്‍ഗുണമാണ്. ആത്മാവും അപ്രകാരംതന്നെ. ഗുരുവും യഥാര്‍ത്ഥത്തില്‍ സര്‍വ്വവ്യാപിയായ നിര്‍ഗുണശക്തിതന്നെയാണ്. എന്നാല്‍ നിര്‍ഗുണശക്തിയായ ഗുരു മനുഷ്യരൂപം സ്വീകരിച്ചതുകൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നു. ഇതും ഈശ്വരതേജസ്സിന്റെ ഒരു പ്രഭാവമാണ്. വ്യക്തിഭാവം സ്വീകരിച്ച ഗുരുവിനു മാത്രമേ നിങ്ങളെ ഉപദേശിക്കാന്‍ കഴിയൂ. ശക്തി അദൃശ്യമായിരിക്കുമ്പോള്‍ ഇത് സാദ്ധ്യമല്ല. കാരണം ശരീരത്തിനപ്പുറം കടക്കാതെ നിങ്ങള്‍ക്ക് ആത്മാവിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുകയില്ലല്ലോ! ഗുരുവചനത്തിനു പരിപൂര്‍ണ ശ്രദ്ധ ഉണ്ടായിരിക്കണം. ഗുരുവാക്യം വേദവാക്യമാണ്. അമ്മ നിങ്ങള്‍ക്ക് പകര്‍ന്ന് തന്നത് ജ്ഞാനമാണ്. എന്തെന്നാല്‍ ജ്ഞാനത്തിനു മാത്രമേ അജ്ഞതയെ നശിപ്പിക്കാനാകൂ എന്നാല്‍ ഈശ്വരനെയും ഗുരുവിനെയും സംബന്ധിച്ച് നിങ്ങളുടെ നില എന്താണ്! നിങ്ങള്‍ ഈശ്വരഭക്തന്മാരും ശിഷ്യന്മാരുമാണ്. ഭക്തി നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭൂഷണമായി വിരാജിക്കണം. ഭക്തി ഈശ്വരനുമായുള്ള നിങ്ങളുടെ ബന്ധത്തെ മാധുര്യമുള്ളതാക്കും. ഭക്തിയിലൂടെയാണ് നിങ്ങള്‍ അജൈന്മതാനുഭൂതിയും പരമജ്ഞാനവും അര്‍ഹരാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.