റിവര്‍വ്യൂ റോഡിന്റെ സംരക്ഷണഭിത്തിക്ക് വീണ്ടും ബലക്ഷയം

Wednesday 11 March 2015 9:50 pm IST

പാലാ: റിവര്‍വ്യൂ റോഡിന്റെ സംരക്ഷണഭിത്തി അടിത്തറയിളകി അപകടാവസ്ഥയിലായിട്ട് മാസങ്ങളായെങ്കിലും പരിഹാരമുണ്ടാകുന്നില്ല. സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ള സംരക്ഷണ ഭിത്തിയാണ് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥകൊണ്ട് വന്‍ദുരന്തം ക്ഷണിച്ചു വരുത്തുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം ളാലം തോടിനു കുറുകെ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച പാലത്തിനു സമീപം ളാലം തോട്ടില്‍നിന്ന് സംരക്ഷണഭിത്തി കെട്ടി ഉയര്‍ത്തിയിട്ടുള്ള ഭാഗത്താണ് മൂന്ന് മീറ്ററോളം വ്യാസത്തില്‍ അടിക്കല്ലിളകി അപകടാവസ്ഥായിലായിരിക്കുന്നത്. മുമ്പ് രാജധാനി ഹോട്ടലിനെതിര്‍വശത്തും വലിയപാലത്തിനും സമീപത്തും സംരക്ഷണ ഭിത്തിയുടെ കെട്ട് ഇളകി റോഡ് ഉള്‍പ്പെടെ ആറ്റില്‍ പതിച്ച സംഭവമുണ്ടായി. രാജധാനി ഹോട്ടലിനു സമീപം റോഡ് ഇടിഞ്ഞ ഭാഗത്ത് കാര്‍ ആറ്റില്‍ പതിച്ച് ഒരാള്‍ മരിച്ച സംഭവമുണ്ടായി. പാലത്തിനു സമീപം റോഡ് ഇടിഞ്ഞപ്പോള്‍ മാസങ്ങളോളം ഇതുവഴിയുള്ള ഗാതഗതം നിര്‍ത്തിവച്ച് ലക്ഷണങ്ങള്‍ മുടക്കിയാണ് പൂര്‍വ്വസ്ഥിതിയിലാക്കിയത്. ഈ ദുരന്തങ്ങളെല്ലാം മുന്നിലുണ്ടായിട്ടും ഇപ്പോള്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. അടുത്ത ദുരന്തത്തിനായി കാത്തുനില്‍ക്കുകയാണോ എന്ന ചോദ്യവും പ്രസക്തമാവുകയാണ്. തോട്ടിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് അപകടാവസ്ഥ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. 800 മീറ്ററോളം നീളത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ ആര്‍.വി. പാര്‍ക്ക് വരെയാണ് റിവര്‍വ്യൂ റോഡ്, ളാലം തോടിന്റെയും മീനച്ചിലാറിന്റെയും തീരത്തുകൂടി പോകുന്ന റോഡിന് ഇരുപതടിയോളം ഉയരത്തിലാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.