തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്നതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കാര്‍ഷിക രംഗത്തുണ്ടായിട്ടുള്ള മാന്ദ്യം പ്രതിരോധിക്കുക അതീവ ക്ലേശകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിമേഖലയുടെ വളര്‍ച്ചാനിരക്ക് – 2.88 ശതമാനമായിട്ടാണ് കുറഞ്ഞത്. ആഭ്യന്തര ഉല്പാദനത്തില് കൃഷിയുടെ വിഹിതം വളരെ കുറവാണ്.
1980-81 കാലഘട്ടത്തില്‍ ഇത് 36.88 ശതമാനമായിരുന്നു. കാര്‍ഷിക കടബാധ്യതാ നിരക്ക് ഏറ്റവും കൂടുതല്‍ നിരക്ക് കേരളത്തിലാണ്. കേരളത്തില്‍ 77.7 ശതമാനം കാര്‍ഷിക കുടുംബങ്ങളും കടബാധിതരും ശരാശരി വായ്പ 213600 രൂപയുമാണ്.
നാളികേരത്തിന്റെയും നെല്ലിന്റെയും ഉല്‍പ്പാദന ക്ഷമത കേരളത്തില്‍ കുറയുന്നതായും സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയ 26.1 ലക്ഷം ഹെക്ടറില്‍ 10.32 ശതമാനം സ്ഥലത്തുമാത്രമാണ് ഭക്ഷ്യവിളകള്‍ കൃഷിചെയ്തത്. സ്കൂളുകളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 2014-15ല്‍ 38.01 ലക്ഷം കുട്ടികളാണ് പുതുതായി സ്കൂളില്‍ പ്രവേശനം നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 1.24% കുറവാണ്.
സ്കൂളുകളില്‍ ആകെ പുതുതായി ചേര്‍ക്കുന്ന കുട്ടികളില്‍ 49.47 ശതമാനം പെണ്‍കുട്ടികളാണ്. 5412 ലാഭകരമല്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 275 എണ്ണം അധികമാണ്. ഇതില്‍ 2531 സര്‍ക്കാര്‍ സ്കൂളുകളും 2881 എയിഡഡ് മേഖലയിലുള്ളതുമാണ്.
സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടുകയാണ്.
സംസ്ഥാന ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2012ല്‍ 13002ല്‍ നിന്ന് വര്‍ദ്ധിച്ച് 2013ല്‍ 13738 ആയി. തമിഴ്നാട്, പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും 2.35ലക്ഷംപേര്‍ എന്ന വാര്‍ഷിക അനുപാതത്തില്‍ ഏകദേശം 25 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരില്‍ മുന്നില്‍ പശ്ചിമബംഗാള്‍ (47 ശതമാനം) ഒഡിഷ (16 ശതമാനം), അസം (9 ശതമാനം) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍.
എറണാകുളം ഒന്നാമതും (77 ശതമാനം) തൊട്ടുപിന്നില്‍ കണ്ണൂരും (13 ശതമാനം) വയനാട്ടുമാണ് (12%). കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം മുന്‍ വര്‍ഷത്തെ 82.03ല്‍ നിന്ന് 67.73 ആയി കുറഞ്ഞതായും സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രവാസി നിക്ഷേപത്തില്‍ വര്‍ദ്ധന ഉണ്ടായി. 2013ല്‍ 66190 കോടിയായിരുന്നത് 93883 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: