പശ്ചിമകൊച്ചിയിലെ തപാല്‍ ഓഫീസുകള്‍ക്ക് താഴിടുന്നു

Thursday 12 March 2015 10:25 pm IST

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ തപാല്‍ ഓഫീസുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനകം ഏഴോളം തപാല്‍ ഓഫീസുകള്‍ അടച്ചുപൂട്ടി. മൂന്ന് തപാല്‍ ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തീരദേശനഗരിയിലെ തപാല്‍ ഓഫീസ് നിര്‍ത്തലാക്കുന്നതിനെതിരെ ജനരോഷമുയരുമ്പോഴും സാമ്പത്തികനഷ്ടം ചൂണ്ടിക്കാട്ടിയാണ് തപാല്‍ കേന്ദ്രങ്ങള്‍ താഴിട്ടുപൂട്ടുന്നത്. തപാല്‍കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന അധികൃത നടപടിക്കെതിരെ ജനകീയ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും പ്രതിഷേധത്തിനൊരുങ്ങുകയാണ്. ചെറളായി ടിഡിഎച്ച്എസിന് എതിര്‍വശം, മട്ടാഞ്ചേരി ബസാര്‍ റോഡ്, ചുള്ളിക്കല്‍ സെമിത്തേരി റോഡ്, പള്ളുരുത്തി കോണം, ഫോര്‍ട്ടുകൊച്ചി വെളി, പനയപ്പിള്ളി ഗുജറാത്തി റോഡ് എന്നീ തപാല്‍ ഓഫീസുകളാണ് പൂട്ടിയത്. മുണ്ടംവേലി, തോപ്പുംപടി, ഇടക്കൊച്ചി പോസ്റ്റാഫീസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. എഴുത്തുകളും സ്റ്റാമ്പുകളും തപാല്‍ ഉരുപ്പടികളും വിതരണം ചെയ്യുന്ന പഴയകാല ശൈലിയില്‍ തുടരുന്ന തപാല്‍ ഒാഫീസുകളുടെ നവീകരണത്തിന്റെ അപര്യപ്തതയും കാഴ്ചപ്പാടുമാണ് പോസ്റ്റാഫീസുകളുടെ മരണമണി മുഴക്കുവാനിടയാക്കിയതെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. തപാല്‍ ഓഫീസുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങളാണ് ഇല്ലാതാകുന്നതെന്ന് തൊഴിലാളി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ജനസേവനം മുന്‍നിര്‍ത്തി നിലവിലുള്ള തപാല്‍ ഓഫീസുകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.