ഗവി ടൂറിസം പാക്കേജിന് പ്രിയമേറുന്നു

Thursday 12 March 2015 10:46 pm IST

പത്തനംതിട്ട: വനത്തിനുള്ളില്‍ ഒരു ദിവസം പൂര്‍ണമായി കാഴ്ചകള്‍ ആസ്വദിച്ചു സഞ്ചരിക്കാന്‍ അവസരമൊരുക്കുന്ന പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ  ഗവി ഏകദിന ടൂര്‍ പാക്കേജ് ആകര്‍ഷകമാകുന്നു. ആറുമാസത്തിനിടെ വിദേശികളും സ്വദേശികളുമടക്കം 905 വിനോദസഞ്ചാരികളാണ് അപൂര്‍വമായ നിത്യഹരിത വന സൗന്ദര്യം ആസ്വദിക്കാന്‍ ഈ ടൂര്‍ പാക്കേജിന്റെ ഭാഗമായി ഗവി സന്ദര്‍ശിച്ചത്. മനോഹരമായ മലനിരകള്‍, മൊട്ടക്കുന്നുകള്‍, അപൂര്‍വ വൃക്ഷങ്ങള്‍, സസ്യജാലങ്ങള്‍, ആന, കാട്ടുപോത്ത്, കുരങ്ങന്മാര്‍, മലയണ്ണാന്‍, മാനുകള്‍ പലതരം പക്ഷികള്‍ തുടങ്ങിയവയെ കാണാന്‍ യാത്രയില്‍ അവസരം ലഭിക്കും. മൂഴിയാര്‍, കക്കി, ആനത്തോട്, കൊച്ചു പമ്പ ഡാമുകള്‍ യാത്രയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഈ ഡാമുകളിലൂടെയാണ് വിനോദസഞ്ചാരികളുമായി വാഹനം ഗവിയിലേക്കു പോകുന്നത്.പൊന്നാപുരം കോട്ട സിനിമ ചിത്രീകരിച്ച പ്രദേശം കാണാനും അവസരമുണ്ട്. അഞ്ചു പേര്‍ക്കുള്ള നോണ്‍ എസി ജീപ്പ് സഫാരിക്ക് ഒരാള്‍ക്ക് 1600 രൂപയും, 12 പേര്‍ക്കുള്ള നോണ്‍ എസി ട്രാവലര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 1300 രൂപയും, 12 പേര്‍ക്കുള്ള എസി ട്രാവലര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 1600 രൂപയുമാണ് പാക്കേജ് നിരക്ക്. ആഹാരം, ടൂര്‍ഗൈഡ്, വാഹനപാസ്, ഇന്‍ഷുറന്‍സ്, ഫസ്റ്റ് എയ്ഡ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ നിന്ന് എത്തുന്ന സഞ്ചാരികള്‍ക്ക് കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലും തിരുവല്ല, ആറന്മുള, മല്ലപ്പള്ളി ഭാഗങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോഴഞ്ചേരി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിലും മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് റാന്നിയിലുമായാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.30ന് ആരംഭിക്കുന്ന യാത്ര ആങ്ങമൂഴി, വ്യൂപോയിന്റ്, മൂഴിയാര്‍ ഡാം, കക്കി ഡാം, ആനത്തോട് ഡാം, ഇക്കോപോയിന്റ്, കൊച്ചുപമ്പ ഡാം, ഗവി, വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, പീരുമേട്, മുണ്ടക്കയം, എരുമേലി, റാന്നി വഴി രാത്രി 8.30ന് പത്തനംതിട്ടയില്‍ മടങ്ങിയെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓഫീസുകളില്‍നിന്നറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.