ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രഖ്യാപിച്ചു

Thursday 12 March 2015 11:08 pm IST

ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. 111 അംഗങ്ങളാണ് സമിതിയിലുള്ളത്. 27 സ്ഥിരംക്ഷണിതാക്കളെയും 40 പ്രത്യേക ക്ഷണിതാക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ നിര്‍വാഹക സമിതിയില്‍ ഇടംപിടിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം പ്രത്യേക ക്ഷണിതാവാണ്. ഏപ്രില്‍ 3,4 തീയതികളില്‍ ബെംഗളൂരുവില്‍ ദേശീയ നിര്‍വാഹകസമിതി യോഗവും ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, അനന്ത് കുമാര്‍ എന്നിവരാണ് ദേശീയ നിര്‍വാഹക സമിതിയിലെ പ്രധാന സാന്നിധ്യങ്ങള്‍. സ്ഥിരംക്ഷണിതാക്കളില്‍ എട്ടു മുഖ്യമന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. വിവിധ സംസ്ഥാന പ്രസിഡന്റുമാര്‍, സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, നിയമസഭകളിലെ ബിജെപിയുടെ പ്രതിപക്ഷ നേതാക്കള്‍ എന്നിവരും ദേശീയ നിര്‍വാഹക സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. 250ഓളം പേരെ ഇത്തവണ പാര്‍ട്ടിയുടെ ദേശീയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സമിതിയംഗങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാളും കുറവുമാണ്. ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഢ്, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിനുശേഷമുള്ള ദേശീയ എക്‌സിക്യൂട്ടീവ് യോഗമാണ് ഏപ്രിലില്‍ ബെംഗളൂരുവില്‍ ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ ദേശീയ നിര്‍വാഹക സമിതിയില്‍ പങ്കെടുക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പാര്‍ട്ടി ചര്‍ച്ചചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.