കോഴിക്കോട്: നവ-സ്വകാര്യ ഇന്‍ഷുറന്‍സ് ബാങ്കിംഗ് മേഖലയിലെ സേവന-വേതന ക്രമീകരണങ്ങള്‍ക്കെതിരെ ന്യൂജനറേഷന് ബാങ്ക്സ് ആന്റ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ദേശീയ പ്രക്ഷോഭത്തിലേക്ക്. കോസ്റ്റ് ടു ദ കമ്പനി(സിടിസി) എന്ന ഓമനപ്പേരില്‍ ഈ മേഖലയിലെ ജീവനക്കാരെ 10 വര്‍ഷമായി ചൂഷണം ചെയ്യുകയാണ്.
ശമ്പള പരിഷ്കരണമോ, കരാര്‍ പുനഃക്രമീകരണമോ ഇല്ലാതെ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള തൊഴില്‍ നിയമങ്ങളെ കാറ്റില്‍പറത്തി അടിസ്ഥാന ശമ്പളം കുറച്ച് കാണിക്കുന്ന കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന് സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെയില്‍സ് മാനേജര്‍ തസ്തികയിലെ ജീവനക്കാരെയും ഓപ്പറേഷന്‍സ് – അഡ്മിനിസ്ട്രേഷന് വിഭാഗങ്ങളെയും ചൂഷണം ചെയ്യുന്നുണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സ് ബാങ്കിംഗ് മേഖലയില്‍ തൊഴില്‍ സുരക്ഷ ഇല്ലാതായിരിക്കുന്നു. പി. എഫിലടക്കുന്ന തുക പോലും വാര്‍ഷിക ശമ്പളത്തിലുള്പ്പെടുത്തി ജീവനക്കാരുടെ പ്രവര്‍ത്തന മൂല്യത്തിന് വിലയിടുകയാണ്. തുല്യ ജോലിക്ക് തുല്യ വേതനം നല്‍കാതെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു.
ഭരണഘടനാ വിരുദ്ധമായ ഇത്തരം നിലപാടുകള്‍ക്കെതിരെ എന്ജിബിഐഇഎസ്(ബിഎംഎസ്) ന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. കെ. രാജന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിലാഷ് രവീന്ദ്രന്, സംസ്ഥാന സെക്രട്ടറി. വിജീഷ് പി. കെ. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: