പത്തനംതിട്ടയിലും കോട്ടയത്തും എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം

Friday 13 March 2015 8:43 pm IST

കോട്ടയം/പത്തനംതിട്ട: നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങളും കൈയ്യാങ്കളികളുടേയും തുടര്‍ച്ചയായി പത്തനംതിട്ടയിലും കോട്ടയത്തും എല്‍ഡിഎഫ് അക്രമം. പത്തനംതിട്ടയില്‍ അഡ്വ. കെ.ശിവദാസന്‍ നായര്‍ എംഎല്‍എയുടെ ഓഫീസിനു നേരെയും ആറന്മുളയിലെ വീടിനുനേരെയും അക്രമമുണ്ടായി. അക്രമത്തില്‍ ജനല്‍ച്ചില്ലുകളുംമറ്റും തകര്‍ന്നു. എംഎല്‍എയുടെ ഓഫീസിനും വീടിനുംനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ടയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. അക്രമസമയത്ത് എംഎല്‍എയുടെ ഭാര്യമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കളക്ട്രേറ്റ് വളയാന്‍ എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് എംഎല്‍എയുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞത്. റോഡുപണിയ്ക്കായി ഇറക്കിയ മെറ്റല്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഓഫീസ് പരിസരത്ത് ഏറ്റുമുട്ടുകയായിരുന്നു. ഇരുപക്ഷവും നടത്തിയ കല്ലേറില്‍ പമ്പ സി.ഐ വിദ്യാധരനും ചില പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എംഎല്‍എയുടെ വീടിനും ഓഫീസിനുംനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭാ പരിധിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊടുങ്ങൂരില്‍ ഇന്നലെ രാവിലെ 11ന് ഇരുവിഭാഗങ്ങളുടെയും ഏറ്റുമുട്ടലിനിടയില്‍ കോണ്‍ഗ്രസിന്റെ ഓഫീസ് തല്ലിത്തകര്‍ത്തു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി ഓഫീസ് തകര്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അക്രമത്തെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ ദേശീയപാത 220 ഉപരോധിച്ചു. ഇതിനിടെ എല്‍ഡിഎഫുകാരും പ്രകടനമായി ഇവിടെയെത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ഇരുവിഭാഗത്തില്‍പ്പെട്ടവരെയും അറസ്റ്റു ചെയ്തു നീക്കി. കാഞ്ഞിരപ്പള്ളിയിലും യുഡിഎഫുകാരും സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കെ.എം. മാണിക്ക് അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടയിലേക്ക് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോട്ടയം നഗരത്തില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെ.എം. മാണിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.