പെണ്‍കുട്ടിയുടെ ചിത്രം നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍

Friday 13 March 2015 8:48 pm IST

കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത പ്രതി പോലീസ് പിടിയിലായി. കൊല്ലം ഉപാസന നഗറില്‍ നിന്നും ഇപ്പോള്‍ കേരളപുരത്ത് താമസിക്കുന്ന മുഹമ്മദ് ശ്യാം(31) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ നിത്യസന്ദര്‍ശകനായിരുന്നു. അതുവഴി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും മറ്റും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. രണ്ട് മാസങ്ങള്‍ക്കുമുമ്പ് പ്രതി പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടിലെത്തി ചിത്രീകരിച്ച രംഗങ്ങള്‍ കാണിച്ചശേഷം രണ്ടരലക്ഷം രൂപ നല്‍കണമെന്നും  അല്ലാത്തപക്ഷം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുമായി ബന്ധപ്പെട്ടപ്പോഴും രണ്ടര ലക്ഷം രൂപയോ അല്ലെങ്കില്‍ വസ്തുവോ എഴുതിക്കൊടുക്കണമെന്ന് ഭീഷണി പ്രതി ആവര്‍ത്തിക്കുകയായിരുന്നു. വീട്ടുകാര്‍ തമ്മില്‍ പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ നിര്‍ദ്ദേശാനുസരണം മൊബൈലുമായി വന്നാല്‍ പണം നല്‍കാമെന്ന് വീട്ടുകാര്‍ പ്രതിയോട് പറഞ്ഞു. വീട് പോലീസ് നിരീക്ഷണത്തിലായിരിക്കെ പ്രതി  മൊബൈല്‍ ഫോണുമായി എത്തുകയായിരുന്നു.  തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പോലീസ് പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു.  മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും കണ്ടെടുത്തു.  ഈസ്റ്റ് സിഐ എസ്. ഷെരീഫ് അന്വേഷണം നടത്തിവരുന്നു.  എസ്‌ഐ യു.പി. വിപിന്‍കുമാര്‍, ആര്‍. കുമാര്‍,  ഗ്രേഡ് എഎസ്‌ഐ രാജന്‍ലാല്‍, സീനിയര്‍ സിപിഒ             രാജ്‌മോഹന്‍, ജോസ് പ്രകാശ്, അനന്‍ബാബു, സിപിഒമാരായ ഹരിലാല്‍, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.