അധികൃതരുടെ അനാസ്ഥയില്‍ റോഡ് അനാഥമാകുന്നു

Friday 13 March 2015 8:50 pm IST

പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുഴക്കര പാലം മുതല്‍ ചെത്തിമറ്റം വരെ വീതികൂട്ടി നിര്‍മ്മിച്ച റോഡ് അധികൃതരുടെ അനാസ്ഥയില്‍ അനാഥമാകുന്നു. 900 മീറ്റര്‍ നീളമുള്ള റോഡിന്റെ 150 മീറ്റര്‍ ദൂരത്തില്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം നടക്കാത്തതാണ് പ്രയോജനരഹിതമാകാന്‍ കാരണം. സാങ്കേതിക തടസ്സം മൂലം അവശേഷിക്കുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭാ അധികൃതര്‍ കാണിക്കുന്ന കാലതാമസമാണ് പാലായുടെ ടൗണ്‍ ബൈപ്പാസായി പ്രയോജനപ്പെടുത്താവുന്ന റോഡ് ഉപേക്ഷിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നത്. പുഴക്കര പാലം മുതല്‍ ചെത്തിമറ്റം കുളംങ്കണ്ടത്ത് എത്തി പൂഞ്ഞാര്‍ ഹൈവേയില്‍ ബന്ധിപ്പിക്കുന്ന വിധമാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പിഡബ്യൂഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 3 മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന റോഡ് സ്റ്റേഡിയം വ്യൂ റിവര്‍വ്യൂ അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡിന്റെ ഇരുവശങ്ങളിലുമുളള ഭൂഉടമകള്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം ഉപയോഗിച്ച് 8 മീറ്റര്‍ വീതിയില്‍ 800 മീറ്ററോളം ദൂരം പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നിര്‍മ്മാണം നിലയ്ക്കുകയായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെയും വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.മധുവിന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്ഥലമുടമകള്‍ രണ്ടര മീറ്റര്‍ വീതിയില്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കാമെന്ന് സമ്മതിച്ചത്. ഇതില്‍ 450 മീറ്റര്‍ ദൂരം റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 18 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നഗരസഭയുടെ പ്രത്യേക താല്പര്യപ്രകാരം ധനമന്ത്രി കെ.എം.മാണിയുടെ നിര്‍ദ്ദേശം നല്‍കിയാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ചെത്തിമറ്റം-കുളങ്കണ്ടം ഭാഗത്തേക്ക് എത്തിച്ചേരുന്ന റോഡ് നിലവില്‍ വരുന്നതോടെ ളാലം ജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് വിലയിരുത്തുന്നു. പാലാ ടൗണിലെ മെയിന്‍ റോഡിന്റെയും ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുടെയും ബൈപ്പാസായും ഉപയോഗിക്കാം. കിഴക്കന്‍ മേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ ഈ റോഡിലൂടെ റിവര്‍വ്യൂ റോഡലെത്തി കൊട്ടാരമറ്റത്തേക്ക് പോകാം. ടൗണില്‍ പ്രകടനമോ, ളാലം ജംഗ്ഷനില്‍ സമ്മേളനങ്ങളോ നടക്കുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും പ്രയോജനപ്പെടുത്താം. ചെത്തിമറ്റത്ത് എത്തിച്ചേരുന്ന റോഡ് മണ്ണിക്കടവ് ഭാഗത്തുനിന്നും ആറിന്റെ തീരത്തുകൂടി പുതിയ റോഡ് നിര്‍മ്മിച്ച് കളരിയാമ്മാക്കല്‍ പാലവുമായി ബന്ധിപ്പിച്ചാല്‍ തെക്ക്-കിഴക്ക് പ്രദേശവാസികള്‍ക്ക് പാലായിലേക്കുള്ള ദൂരം പകുതിയായി കുറയും. 2 വര്‍ഷത്തോളമായി റോഡ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. നിര്‍മ്മാണത്തിന്റെ തുടക്കംമുതലെ സാങ്കേതിക പ്രശ്‌നങ്ങളുടെ നൂലാമാലയില്‍പെട്ടിരുന്നു. റോഡിന് അവശേഷിക്കുന്ന 150 മീറ്റര്‍ ദൂരത്തില്‍ ഒരു വീടിനുപോലും തകരാര്‍ സംഭവിക്കില്ല. റബര്‍തോട്ടം മാത്രമാണ് ഇവിടെയുള്ളത്. നഗരസഭയുടെ അലംഭാവമാണ് റോഡ് പൂര്‍ത്തീകരണത്തിന് തടസ്സമാകുന്നതെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.