സാമൂഹ്യ ഐക്യം ആര്‍എസ്എസ് ലക്ഷ്യം

Friday 13 March 2015 9:10 pm IST

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ തുടക്കംകുറിച്ച് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഡോക്ടര്‍ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

നാഗപ്പൂര്‍: സമൂഹത്തിന്റെ ഐക്യവും ഗുണാത്മക വളര്‍ച്ചയുമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനലക്ഷ്യമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ വ്യക്തമാക്കി. ഇതിനായി ദൈനംദിന ശാഖാ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളെ സജ്ജരാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാം സര്‍ സംഘചാലക് ആയിരുന്ന ബാലാ സാഹേബ് ദേവറസിന്റെ അടുത്ത വര്‍ഷം നടക്കുന്ന ജന്മശതാബ്ദിവര്‍ഷത്തില്‍ സമത്വവും സഹവര്‍ത്തിത്വവും കൂടുതല്‍ ശക്തമായി പ്രചരിപ്പിക്കാന്‍ സംഘം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നു ദിവസത്തെ അഖില ഭാരതീയ പ്രതിനിധി സഭയുടെ ആദ്യ ദിവസം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘത്തിന്റെ ബഹുവിധ പ്രവര്‍ത്തന പദ്ധതികളിലൂടെ ഈ ലക്ഷ്യത്തില്‍ വളരെയേറെ മുന്നേറാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും ആര്‍എസ്എസ് വളര്‍ച്ച വന്‍തോതില്‍ വര്‍ദ്ധിച്ചതോടൊപ്പം സംഘത്തില്‍ നിന്നു ജനങ്ങള്‍ക്കുള്ള ആഗ്രഹാഭിലാഷങ്ങളും കൂടിയിട്ടുണ്ട്. അതിനായി കുറ്റമറ്റതും സജ്ജവും നിര്‍മ്മാണാത്മകവുമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഒരു വര്‍ഷത്തിനിടെ 16,000 പേര്‍ സംഘ പരിചയ വര്‍ഗ്ഗുകളില്‍ പങ്കെടുത്തു.

പശ്ചിമ ബംഗാള്‍ ആര്‍എസ്എസ്സിന് അത്ര മികച്ച സാന്നിദ്ധ്യമില്ലാത്ത സംസ്ഥാനമായിരുന്നു. എന്നാല്‍ അവിടെയാണ് സംഘത്തെ നേരിട്ടറിയാനുള്ള ഈ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയതെന്നത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ദക്ഷിണ കര്‍ണാടക ഘടകം സമര്‍ത്ഥ ഭാരത് എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറില്‍ 800 വനിതകള്‍ ഉള്‍പ്പെടെ 3852 പേര്‍ പങ്കെടുത്തു. ഈ പരിപാടിയില്‍ ഗ്രാമ വികസനം, മഴക്കൊയ്ത്ത്, വനിതാ സംരംഭങ്ങള്‍,  വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങി 45 സാമൂഹ്യ വിഷയങ്ങളില്‍ പദ്ധതികള്‍ ആര്‍എസ്എസ് അവതരിപ്പിച്ചു.

അതില്‍നിന്ന് അനുയോജ്യമായ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ അവരോടാവശ്യപ്പെട്ടു. സംഘത്തിനു വേണ്ടി ഒരു ആശയം, ആശയം നടപ്പാക്കാന്‍ സംഘം എന്നതായിരുന്നു ഈ പരിപാടിയുടെ മുദ്രാവാക്യം. പങ്കെടുത്ത 77 യുവാക്കള്‍ ഒരു വര്‍ഷത്തേക്ക് ഇതിനായി പ്രവര്‍ത്തിക്കാന്‍ സ്വയം സമര്‍പ്പിച്ചു, സഹ സര്‍ കാര്യവാഹ് വിശദീകരിച്ചു.

ആര്‍എസ്എസില്‍ പ്രവര്‍ത്തകരാകുന്നവരുടെ എണ്ണം കൂടിയെന്നു മാത്രമല്ല, അന്തരീക്ഷമാകെ സംഘവളര്‍ച്ചക്ക് അനുകൂലമായി. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷം പോലെയുള്ള പരിപാടികള്‍ അതു വ്യക്തമാക്കുന്നുമുണ്ട്. യോഗയുടെ അടിസ്ഥാനത്തിലുള്ള ജീവിതരീതി പ്രോത്സാഹിപ്പിച്ച്, സാമൂഹ്യ സമത്വവും സഹവര്‍ത്തിത്വവും പ്രചരിപ്പിക്കുന്നതില്‍ ഹിന്ദു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനാണ് സംഘത്തിന്റെ പ്രവര്‍ത്തന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ, സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജമ്മു കശ്മീര്‍: നിലപാടില്‍ മാറ്റമില്ല

നാഗപ്പൂര്‍: ജമ്മു കശ്മീരില്‍ ആര്‍എസ്എസ്സിന്റെ നയ നിലപാടുകളില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ പറഞ്ഞു. അവിടെ ബിജെപി- പിഡിപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചില അപകടകരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. അതിനെതിരേ ആര്‍എസ്എസ് ഗൗരവമായ ആലോചനകള്‍ നടത്തി. ആ സര്‍ക്കാര്‍ കാര്യപരിപാടികളുടെ അടിസ്ഥാനത്തിലുണ്ടാക്കിയ സഖ്യത്തിന്റേതാണ്, അല്ലാതെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലല്ല. സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഗുണവും ദോഷവും വിലയിരുത്തേണ്ടത് ബിജെപിയാണ്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.