റബ്ബറിന് താങ്ങുവില നിശ്ചയിച്ചെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകില്ല

Friday 13 March 2015 9:12 pm IST

കോട്ടയം: ബജറ്റില്‍ റബറിന് താങ്ങുവില നിശ്ചയിച്ചത് റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഫലത്തില്‍  ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കില്ലെന്ന് സൂചന. റബ്ബറിന് കിലോയ്ക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ വാങ്ങാനുള്ള സഹായമായി 300 കോടി രൂപ മാറ്റിവച്ചതായാണ് ധനമന്ത്രി ബജറ്റില്‍ പറയുന്നത്. പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവിലയും റബ്ബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന ദൈനംദിന വിലസൂചികയും തമ്മിലുള്ള വിലവ്യത്യാസം റബ്ബര്‍ ബോര്‍ഡിലെ ഫീല്‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വില്പന ബില്ലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെയോ റബ്ബറുല്‍പാദക സംഘങ്ങളുടേയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. റബ്ബറുല്‍പാദക ജില്ലകളിലെ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമുഖ ബാങ്കുകളുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി ബജറ്റില്‍ അവകാശപ്പെടുന്നു. റബ്ബര്‍ കര്‍ഷകര്‍ക്ക് നേരത്തെ രണ്ടു തവണ നല്‍കുമെന്നു പറഞ്ഞ ആനുകൂല്യങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനവും വാക്കുകളില്‍ ഒതുങ്ങിയേക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. റബ്ബര്‍ വിലയിടിവ് പിടിച്ചുനിര്‍ത്തുന്നതിനായി വിപണി വിലയില്‍ നിന്നും രണ്ടു രൂപ കൂട്ടിയും പിന്നീട് അഞ്ചു രൂപ കൂട്ടിയും റബ്ബര്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അതിനുള്ള പണം ഇതുവരെ അനുവദിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികനില കൂടുതല്‍ പരുങ്ങലിലാകുമ്പോള്‍ വിലസ്ഥിരതാഫണ്ടും താങ്ങുവിലയും എത്രകണ്ട് പ്രാവര്‍ത്തികമാക്കാനാവുമെന്ന് കണ്ടറിയണമെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ക്കാലമായതോടെ നിലവില്‍ കര്‍ഷകര്‍ റബ്ബര്‍ ടാപ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ചെറുകിട നാമനാത്ര റബ്ബര്‍ കര്‍ഷകരെല്ലാം തന്നെ റബ്ബറിന്റെ വിലഅനുദിനം ഇടിയുന്നതുകൊണ്ട് തങ്ങളുടെ ഉല്‍പന്നങ്ങളെല്ലാം ശേഖരിച്ചു വയ്ക്കാതെതന്നെ വിറ്റഴിക്കുകയും ചെയ്തു. ഫലത്തില്‍ ചെറുകിട കര്‍ഷകര്‍ കുറഞ്ഞവിലയ്ക്ക് റബ്ബര്‍ വിപണനം നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ റബ്ബര്‍ ശേഖരിച്ചിട്ടുള്ളത് വന്‍കിട തോട്ടം ഉടമകളും കച്ചവടക്കാരും മാത്രമാണ്. 150 രൂപ താങ്ങുവില നല്‍കി സര്‍ക്കാര്‍ റബ്ബര്‍ സംഭരിച്ചാല്‍ ഇപ്പോള്‍ അതിന്റെ പ്രയോജനം ഇവര്‍ക്കാണ് ലഭിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.