ആള്‍മാറാട്ടം; കോടികളുടെ തട്ടിപ്പ് പ്രതി അറസ്റ്റില്‍

Friday 13 March 2015 9:45 pm IST

തിരുവനന്തപുരം : വിനോദ് മേനോന്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി കോടികള്‍ തട്ടിയ ഇടുക്കി ബൈസണ്‍വാലി സ്വദേശി ശിവദാസിന്റെ മകന്‍ വിനോദിനെ (36) തിരുവനന്തപുരം സിറ്റി ക്രൈം ഡിറ്റാച്ചുമെന്റ് എറണാകുളത്ത് നിന്നും അറസ്റ്റുചെയ്തു. വിനോദ് മേനോന്‍ എന്ന പേരില്‍ വര്‍ക്കലയില്‍ നിന്ന് വിവാഹം കഴിച്ച വിനോദ് തുടര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തുകയായിരുന്നു. കമ്പനി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം വിവിധ കമ്പനികള്‍ രൂപീകരിച്ചാണ് വിനോദ് പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. വിനോദിന്റെ വാക് ചാതുര്യത്തില്‍ വീഴുന്ന ആള്‍ക്കാരുടെ വസ്തുക്കള്‍ ആദ്യം കമ്പനിയുടെ പേരിലേക്ക് മാറ്റുകയും തുടര്‍ന്ന് വസ്തുവിന്റെ യഥാര്‍ത്ഥ ഉടമയുടെ വ്യാജ രാജിക്കത്ത് വിനോദ് തന്നെ തയ്യാറാക്കി അവരെ പുറത്താക്കുകയും ആ വസ്തുക്കള്‍ മറിച്ച് വില്‍പ്പന നടത്തുകയുമാണ് ചെയ്തുവന്നിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ഒരു വസ്തു ഇത്തരത്തില്‍ വിനോദ് സ്വന്തമാക്കുകയും  ആ പുരയിടം കാണിച്ച് നിരവധി പേരില്‍ നിന്നും പണം തട്ടുകയും ചെയ്തു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട പട്ടം സ്വദേശി രാജുനായരുടെ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് വിനോദിനെ അറസ്റ്റു ചെയ്തത്. വിവിധ രീതികളിലായാണ് വിനോദ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ബിസിനസ് നടത്താന്‍ ആഗ്രഹമുള്ള ആള്‍ക്കാരെ വിവിധ പ്രോജക്ടുകളെ കുറിച്ച് വിശദമായി  സംസാരിച്ച് അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള കമ്പനി രൂപീകരിക്കുകയും അതില്‍  തന്റെ ബന്ധുക്കളെയും ഡയറക്ടര്‍ ആക്കുകയും ചെയ്താണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇതിനകം ഈ കമ്പനിയില്‍ നിയമനം നടത്താമെന്നും പറഞ്ഞ് വിവിധ ആള്‍ക്കാരില്‍ നിന്നും വിനോദ് പണം വാങ്ങും. അവരില്‍ നിന്നും പരമാവധി തുക കൈക്കലാക്കുകയും ചെയ്ത ഉടന്‍ തന്നെ അവരുടെ വ്യാജ രാജിക്കത്ത് തയ്യാറാക്കി അവരെ കമ്പനിയില്‍ നിന്നും  പുറത്താക്കുകയും തുടര്‍ന്ന് ആ വസ്തുവകകള്‍ മറിച്ചുവില്‍പ്പന നടത്തുകയുമാണ് വിനോദിന്റെ രീതി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കൊമേഴ്‌സ്യല്‍ പ്ലോട്ടുകളും എസ്റ്റേറ്റുകളും ക്രഷര്‍ യൂണിറ്റുകളും വാങ്ങിക്കുന്നതിനോ, അതിന്റെ നടത്തിപ്പില്‍ പങ്കാളിയാക്കാമെന്നോ ഉളള വാഗ്ദാനം നടത്തിയും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.