മാലിദ്വീപ് മുന്‍ പ്രസിഡന്റ് നഷീദിന് 13 വര്‍ഷം തടവ്

Saturday 14 March 2015 11:35 am IST

മാലി: മാലി ദ്വീപില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് നഷീദിനെ മാലി കോടതി പതിമൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. 2012ല്‍ ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസായിരുന്ന അബ്ദുള്ള മുഹമ്മദിനെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടു പോവുകയും കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് ശിക്ഷ. എന്നാല്‍, ഈ കേസില്‍ എടുത്തിരുന്ന ക്രിമിനല്‍ ചാര്‍ജുകള്‍ കഴിഞ്ഞ ആഴ്ച പ്രോസിക്യൂട്ടര്‍ ജനറല്‍ പിന്‍വലിച്ചിരുന്നതാണ്. പിന്നീട് ഭീകര വകുപ്പുകള്‍ ചേര്‍ത്ത് പുതിയ കേസ് ചാര്‍ജ് ചെയ്ത് വീണ്ടും നഷീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട ഒരു നേതാവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അഴിമതിക്കുറ്റം ചുമത്തി ജഡ്ജിയെ കസ്റ്റഡിയിലെടുക്കാന്‍ നഷീദ് ഉത്തരവിടുകയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നഷീദിന്റെ ശിക്ഷ പ്രഖ്യാപിച്ചത്. നഷീദിനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതായി മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് വ്യക്തമാക്കി. വിധി വന്നതോടെ നഷീദിന്റെ രാഷ്ട്രീയ ജീവിതത്തിന് ഏറെക്കുറെ അന്ത്യമായിരിക്കുകയാണ്. കഴിഞ്ഞ മാസം നഷീദിനെ അറസ്റ്റു ചെയ്തതു മുതല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രക്ഷോഭം നടത്തി വരികയാണ്. ശിക്ഷിക്കപ്പെട്ടതോടെ മാലി ദ്വീപില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടാവാനുള്ള വഴി തെളിയുകയാണ്. മൂന്ന് പതിറ്റാണ്ടുകാലം മാല ദ്വീപിനെ അടക്കി ഭരിച്ച പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെ പരാജയപ്പെടുത്തി 2008 നവംബര്‍ 11നാണ് നഷീദ് അധികാരത്തിലെത്തിയത്. മാലദ്വീപില്‍ ജനാധിപത്യരീതിയില്‍ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്നു നഷീദ് ഗയൂമിന്റെ നയങ്ങളെ അതിശക്തമായി എതിര്‍ത്തു പോന്നിരുന്നതാണ്. നാലു വര്‍ഷത്തെ ഭരണത്തിന് ശേഷം 2012 ഫെബ്രുവരി ഏഴിന് നഷീദിന് സ്ഥാനം ഒഴിയേണ്ടി വന്നു. പ്രതിപക്ഷം പൊലീസുമായി ചേര്‍ന്ന് നടത്തിയ പ്രക്ഷോഭത്തിന് ഒടുവിലായിരുന്നു ഇത്. മൂന്നു ദശാബ്ദകാലം സ്വേച്ഛാധിപതിയെപ്പോലെ മാലി അടക്കിവാണ മുന്‍ പ്രസിഡന്റ് മൗമൂണ്‍ അബ്ദുല്‍ ഗയൂമിന്റെ അര്‍ദ്ധ സഹോദരനാണ് ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുള്ള യമീന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.