ജലവിമാന പദ്ധതിക്ക് ബജറ്റില്‍ ആറ് കോടി

Saturday 14 March 2015 4:24 pm IST

ആലപ്പുഴ: വിവാദമായ ജലവിമാന പദ്ധതിയുടെ നടത്തിപ്പിനായി ബജറ്റില്‍ ആറു കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളും ഇക്കുറി ഒഴിവാക്കി. ഇതില്‍ പ്രധാനം ഹരിപ്പാട് മെഡിക്കല്‍ കോേളജാണ്. ഇത് ഇത്തവണത്തെ ബജറ്റില്‍ പരാമര്‍ശിച്ചതേയില്ല. കാര്‍ഷിക, കയര്‍, മത്സ്യബന്ധന മേഖലകള്‍ക്കായി നിരവധി പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഹരിപ്പാട്ട് കാര്‍ഷിക പോളിടെക്‌നിക്, ചേര്‍ത്തലയില്‍ ഫുഡ്പാര്‍ക്ക് എന്നിവ പുതിയ പദ്ധതികളാണ്. താഴ്ന്ന വരുമാനക്കാര്‍ക്ക് ഈ വര്‍ഷം 75,000 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിതില്‍ 3000 ഭവനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കും. മത്സ്യതൊഴിലാളികളുടെ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 181.97 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 100 കോടി രൂപ ഇവര്‍ക്ക് വീടുകളും ഫ്‌ളാറ്റുകളും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ്. മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വൈദഗ്ധ്യവും ജോലിയും നല്‍കുന്നതിനായി 'തീര നൈപുണ്യപദ്ധതി' നടപ്പാക്കും. ദേശീയ മത്സ്യ തൊഴിലാളി വികസന ബോര്‍ഡിന്റെ സഹായത്തോടെ മൂല്യവര്‍ദ്ധിത ഉത്പന്നമായ 'ഫിഷ് മെയ്ഡി' ന്റെ വ്യാപനത്തിനായി സാമ്പത്തിക സഹായം നല്‍കും. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയില്‍ ബ്ലോക്ക് തല വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇപ്രകാരം ആരംഭിക്കുന്ന സെന്ററുകളുടെ 20 ശതമാനത്തിന്റെ നടത്തിപ്പിന് ഭിന്നശേഷിയുളള വ്യക്തികളെ ചുമതലപ്പെടുത്തുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വ്യാപാര സഹായ കേന്ദ്രം സ്ഥാപിക്കാന്‍ ഈ സാമ്പത്തികവര്‍ഷം ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമുദ്രഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണത്തിനും കയറ്റുമതിക്കുമായി ചേര്‍ത്തലയില്‍ മെഗാ ഫുഡ്പാര്‍ക്ക് സ്ഥാപിക്കുന്നതിലേക്കായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കയര്‍ മേഖലയുടെ സമഗ്ര വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം 116.95 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കയര്‍ ഉത്പാദനത്തിന് വേണ്ടുന്ന ചകിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി പിപിപി അടിസ്ഥാനത്തില്‍ കേന്ദ്രീകൃത ഫാക്ടറി യൂണിറ്റുകള്‍ ആരംഭിക്കുന്നതാണ്. പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്ന കയര്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം അനുമതി ലഭിച്ച ആലപ്പുഴ നഗരത്തിലെ ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കും. കൊല്ലം-കോട്ടപ്പുറം ഉള്‍നാടന്‍ ജലഗതാഗതം ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്നതാണ്. ഈ ജലപാതയില്‍ 66 നിന്ന് വലകള്‍ നീക്കം ചെയ്യേണ്ടിവന്ന മത്സ്യതൊഴിലാളികള്‍ക്ക് നല്‍കാനുളള നഷ്ടപരിഹാരത്തിനായി 5.6 കോടി രൂപ വകയിരുത്തി. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.