മാനഭംഗ വീരനെപ്പറ്റിയുള്ള പരിപാടി വിലക്കി

Saturday 14 March 2015 5:31 pm IST

ലണ്ടന്‍: ഒരു പാവം പെണ്‍കുട്ടിയെ നിഷ്ഠൂരമായ കൂട്ടമാനഭംഗത്തിന് ഇരയാക്കിക്കൊന്ന പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത ബിബിസി സ്വന്തം ജീവനക്കാരുടെ ലൈംഗിക വിക്രിയകളും മാനഭംഗ വീരനായ പ്രമുഖനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും മുക്കി. പ്രമുഖനെപ്പറ്റിയുള്ള പരിപാടി ബിബിസി പൂര്‍ണ്ണമായും വിലക്കുകയാണ് ചെയ്തത്. ഇതോടെ നിര്‍ഭയ എന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്റി  എടുത്തത് ഭാരതത്തെ പാശ്ചാത്യലോകത്തും ഭാരതത്തില്‍ തന്നെയും വിറ്റ് കാശാക്കാമെന്ന ചിന്തയോടെയാണെന്ന സംശയം ബലപ്പെട്ടു. കുട്ടികളെ തന്റെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാന്‍ നിരന്തരം ഉപയോഗിച്ച ബിബിസി ടിവി അവതാരകന്‍ ജിമ്മി സാവിലെയെപ്പറ്റി ബിബിസി ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. മന:സാക്ഷിയെ ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് 2011 ഡിസംബറില്‍ ബിബിസി സംപ്രേഷണം ചെയ്യാനിരുന്നതാണ്. എന്നാല്‍ ഒടുവില്‍ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യുന്നത് അവര്‍ തന്നെ വിലക്കി. സാവിലെ ലൈംഗിക കുറ്റവാളിയാണെന്നാണ് ഇയാളെപ്പറ്റി അന്വേഷണം നടത്തിയ വിദഗ്ധ സമിതി അടുത്തിടെ അധികൃതര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇയാള്‍ ഒരാശുപത്രിയില്‍ സന്നദ്ധ സേവനം നടത്തിയിരുന്നു. അവിടെയുണ്ടായിരുന്ന  അറുപതോളം പേരെ ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നും ഇവരില്‍ മുപ്പതിലേറെപ്പേരും 16 വയസിനു താഴെയുള്ള കുട്ടികളായിരുന്നുവെന്നും എട്ടു വയസുകാര്‍ വരെ ഇയാളുടെ വിക്രിയകള്‍ക്ക് ഇരയായിട്ടുണ്ടെന്നുമാണ് അവരുടെ റിപ്പോര്‍ട്ട്. സാവിലെക്കെതിരെ ഔദ്യോഗികമായി 214 ക്രിമിനല്‍ കേസുകളുണ്ടെന്നും 1955 മുതല്‍ 2009 വരെയുള്ളവയാണിവയെന്നും മെട്രോപോളിറ്റന്‍ പോലീസും കുട്ടികളോടുള്ള ക്രൂരത തടയാനുള്ള ദേശീയ സൊസൈറ്റിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിബിസിയുടെ അവതാരകന്‍ നടത്തിയ ലൈംഗിക ക്രൂരതയില്‍ ബ്രിട്ടീഷ് എംപിമാര്‍ തന്നെ ആശങ്കയും രേഖപ്പെടുത്തിയിരുന്നു. ഇയാളെപ്പറ്റി ബിബിസി തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അവര്‍ സംപ്രേഷണം ചെയ്യാതെ മുക്കിയത്. 2013ല്‍ ബിബിസി ജീവനക്കാര്‍ക്കെതിരായ ഇത്തരം ആരോപണങ്ങള്‍ ദ ഗാര്‍ഡിയന്‍ പത്രം പുറത്തു കൊണ്ടുവന്നിരുന്നു. സ്വന്തം ജീവനക്കാരുടൈ ലൈംഗിക പീഡന വാര്‍ത്തകളോട് കണ്ണടയ്ക്കുന്ന സമീപനമാണ് കാലങ്ങളായി ബിബിസി പുലര്‍ത്തിവന്നിരുന്നതെന്നാണ് അന്ന് പ്രമുഖ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് റോബ് വില്‍സണ്‍ പറഞ്ഞത്. അന്ന് എംപിയായിരുന്ന അദ്ദേഹം ഇന്ന് മന്ത്രിയാണ്. ഇത്തരത്തിലുള്ള ഒരു ശബ്ദ രേഖ പുറത്തുവിടാന്‍ ഒരുങ്ങിയ തന്നെ ബിബിസി ചെയര്‍മാന്‍ ലോഡ് പാറ്റന്‍ തടഞ്ഞുവെന്നും ഇത് ഞെട്ടിച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട എംപിയായ റോബിനെ ബിബിസി ചെയര്‍മാന്‍ അന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വീട്ടുകാരില്‍ നിന്നും ഒരു നിശ്ചിത തുക ടെലികാസ്റ്റ് ഫീസായി  പിരിച്ച് ആ തുക കൊണ്ടാണ് ബിബിസി പ്രവര്‍ത്തിക്കുന്നത്. ഫീസ് നല്‍കുന്ന വീട്ടുകാര്‍ ബിബിസി കാണാറുണ്ടോയെന്നു പോലും നോക്കാറില്ല. ഒക്‌ടോബര്‍ 2012 മുതല്‍ ആറു മാസം കൊണ്ട് ബിബിസി ജീവനക്കാര്‍ക്ക് എതിരായ 36 ലൈംഗീക പീഡന ആരോപണങ്ങളാണ്  ഉയര്‍ന്നത്. ഗാര്‍ഡിയന്‍ പത്രം എഴുതുന്നു. പതിനെട്ടു വയസില്‍ താഴെയുള്ളവരെ പീഡിപ്പിെച്ചന്നാണ് ഈ ആരോപണങ്ങളില്‍ പലതും. 81 ബിബിസി ജീവനക്കാര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും എതിരെ ആരോപണം ഉയര്‍ന്നു. എല്ലാം ബിബിസി മുക്കിയെന്ന സൂചന നല്‍കി ഗാര്‍ഡിയന്‍ എഴുതുന്നു. പരാതികള്‍ ഒന്നും ബിബിസി ഗൗരവമായി എടുക്കാറില്ലെന്ന്  അന്വേഷണത്തിന് നേത്വത്വം നല്‍കിയ ഡോ. ആന്‍ഡ്രൗല ജോണ്‍സ്‌റ്റോണ്‍ പറഞ്ഞു. സാവിലെയ്ക്ക് എതിരായ  ആരോപണങ്ങളില്‍ അനാവശ്യമായ ശരീര സ്പര്‍ശം മുതല്‍ മാനഭംഗം വരെയുണ്ട്. അദ്ദേഹം തുടര്‍ന്നു. ഇത്തരം ഒരാളെപ്പറ്റിയുള്ള ഞെട്ടിക്കുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടാണ് ബിബിസി തന്നെ വിലക്കിയത്. ഈ ബിബിസിയാണ് ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷിന്റെ അഭിമുഖം ഡോക്യുമെന്ററിയാക്കിയത്. പെണ്‍കുട്ടിയെപ്പറ്റി അത്യന്തം മോശമായ കമന്റുകളാണ് ഇയാള്‍ നടത്തിയിരുന്നത്. ഭാരതം മാനഭംഗങ്ങളുടെ നാടാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന ഡോക്യുമെന്ററിയാണ് ഇത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.